തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തില്‍ പ്രതിഷേധമറിയിച്ച് ലത്തീന്‍ അതിരൂപത. വിഴിഞ്ഞ സമരത്തെ തുടര്‍ന്ന് മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയിലാണ് മന്ത്രിമാരെ പ്രതിഷേധം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപതക്കെതിരെ പിണറായി വിജയന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്ന്. സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ.നല്ല ഉദേശമുള്ളൂ എങ്കിലും ചിലർ എതിർക്കും. എതിർക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാവുമോ അത് ചെയ്യും. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കൽ ആണെന്ന സന്ദേശം ഒരാൾ പ്രചരിപ്പിച്ചു . ആരും ആ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് പ്രചരിപ്പിച്ചു. വൻ ചതി എന്ന് ചിലർ പ്രചരിപ്പിച്ചു. ചതി ശീലമുള്ളവർക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്കുള്ള ഭാവനസമുച്ചയം ഉടൻ നിർമാണം ആരംഭിക്കും.
കഴിയാവുന്നത്ര വേഗത്തിൽ എല്ലാവരെയും പുനരധിവാസിപ്പിക്കും. യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥലം കണ്ടെത്തി. ഉടൻ ഏറ്റെടുക്കും. 343 ഫ്ലാറ്റുകൾ മത്സ്യത്തൊഴിലാളികൾക്കായി ഇതിനകം നിർമിച്ചു. ഒരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് സർക്കാർ നൽകിയത്. പ്രതിസന്ധികളിൽ മത്സ്യതൊഴിലാളികൾ ഒറ്റക്കല്ലെന്നും സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തുടരുന്ന വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരം ഒത്തുതീര്‍ക്കാനാണ് ഇന്ന് സമരക്കാരും മന്ത്രിസഭ ഉപസമിതിയുമായി ചര്‍ച്ച നടത്തുന്നത്.