നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയം ഉന്നയിച്ചപ്പോള്‍ വിഷയത്തെ നിസാരവത്ക്കരിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. സര്‍ക്കാര്‍ വിഷയത്തെ നിസാരമായി കണ്ടത് കൊണ്ടാണ് ഒരു കുഞ്ഞിന്റെ ജീവന് നഷ്ടമായത്. സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ നിസംഗരായി നോക്കിനില്‍ക്കുകയാണ്. അടിയന്തിരമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം.
2020 മുതലാണ് നായയുടെ കടിയേറ്റവര്‍ മരിക്കുന്നത് സംസ്ഥാനത്ത് വ്യാപകമായത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷബാധ വാക്സിനെ കുറിച്ചും ധാരാളം പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാര്യം മന്ത്രി സമ്മതിച്ചില്ലെങ്കിലും വാക്സിന് ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പരിശോധനകള്‍ നടത്താതെയുള്ള വാക്സിനാണ് സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വഴി സംഭരിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം.
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്ന എ.ബി.സി പദ്ധതി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റെര്‍ലൈസേഷന്‍ നടക്കുന്നില്ല. അതാണ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള പ്രധാന കാരണം. മാലിന്യ സംസ്കരണം കൃത്യമായി നടക്കാത്തതും നായ്ക്കളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വാചകമടിയല്ലാതെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് വേണ്ടി ഫലപ്രദമായ ഒരു പദ്ധതി പോലും സംസ്ഥാനത്തില്ല.