തെരുനായുടെ കടിയേറ്റ് ചികിത്സയിലിരുന്ന 12 വയസുകാരി മരിച്ചു
കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന ബാലിക മരിച്ചു. റാന്നി പെരുനാട് ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ അഭിരാമി (12) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പേ വിഷബാധയ്ക്ക് എതിരേ 3 ഡോസ് വാക്‌സിന്‍ എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്നു വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സ്ഥിതി മോശമായതോടെ കോട്ടയത്തേക്കും മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.
ഓഗസ്റ്റ് 13ന് രാവിലെ പാലു വാങ്ങാന്‍ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കില്‍ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോള്‍ എഫ്.എച്ച്.സിയില്‍ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല.
കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗത്തു കടിയേറ്റിരുന്നു. ഇതില്‍ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ചികിത്സയ്ക്കാരി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിനു പുണെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബിലേക്കും സാംപിള്‍ അയക്കുകയും ചെയ്തിരുന്നു.