KeralaNEWS

വിഴിഞ്ഞം സമരം: നാളെ മുതല്‍ വൈദികരുടെ ഉപവാസം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരേ നാളെ മുതല്‍ സമരം ശക്തമാക്കാന്‍ ലത്തീന്‍ സഭ. ഉപരോധ സമരത്തിനൊപ്പം ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ നാളെ വൈദികര്‍ ഉപവാസവുമിരിക്കും. സമരത്തില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇന്ന് വീണ്ടും പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.

ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസായ്പാക്യത്തിന്റെയും നേതൃത്വത്തില്‍ സമരസമിതിയിലെ വൈദികരും അല്‍മായരുമാണ് നാളെ ഉപവാസ സമരത്തിന് തുടക്കമിടുന്നത്. വരും ദിവസങ്ങളില്‍ വിവിധ വൈദികരാകും ഉപവസിക്കുക കേരള റീജയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണസിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക് നീങ്ങാനും തീരുമാനം ഉണ്ട്.

Signature-ad

മൂലമ്പിള്ളി ടു വിഴിഞ്ഞം എന്ന പേരില്‍ മാര്‍ച്ചും നടത്തും. മന്ത്രിതല ചര്‍ച്ചയിലെ തീരുമാനപ്രകാരം ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള ധനസഹായം നാളെ മുതല്‍ വിതരണം ചെയ്യും. നിസാര ധനസഹായം നല്‍കി സമരത്തെ ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് ലത്തീന്‍ അതിരൂപതയുടെ വിമര്‍ശനം. തുറമുഖ നിര്‍മ്മാണ നിര്‍ത്തിവച്ചുള്ള പഠനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചാണ് ഇന്ന് പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചത്.

അതേസമയം, കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണം നാളെ തുടങ്ങും 102 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രിയാണ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുക. വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് നടന്ന മന്ത്രിതല ചര്‍ച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.

ഓണത്തിന് മുമ്പ് ക്യാമ്പുകളില്‍ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കും എന്നായിരുന്നു ചര്‍ച്ചയിലെ തീരുമാനം. എന്നാല്‍, നിസാര ധനസഹായം നല്‍കി മത്സ്യത്തൊഴിലാളികളെ പറ്റിക്കാനാണ് ശ്രമമെന്നാണ് ലത്തീന്‍ അതിരൂപതയുടെ വാദം. ധനസഹായ വിതരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ലത്തീന്‍ അതിരൂപത അറിയിച്ചിട്ടുണ്ട്. തീരശോഷണവും കടലാക്രമണവും മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങള്‍ തിരുവനന്തപുരത്ത്
ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

 

Back to top button
error: