IndiaNEWS

പാക് ജയിലില്‍ 28 വര്‍ഷം, ചാരവൃത്തിക്കേസിലെ ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോൾ കൂടപ്പിറപ്പുകൾ പോലും തിരിച്ചറിഞ്ഞില്ല

കുല്‍ദീപ് യാദവിനെ കണ്ടപ്പോൾ അനിയത്തി രേഖയ്ക്ക് അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവൾ സഹോദരനെ കാണുന്നത്. മൂന്ന് പതിറ്റാണ്ടു കാലം പാക്കിസ്താന്‍ തടവറയില്‍ കഴിഞ്ഞ കുല്‍ദീപ് യാദവ് അത്രയേറെ മാറിയിരുന്നു. ഇത്ര ദീർഘകാലം ജയിലില്‍ കഴിഞ്ഞശേഷം ഗുജറാത്തിലെ ചാന്ദ്‌ഖേദയിലുള്ള വീട്ടിലെത്തിയ കുല്‍ദീപും, സഹോദരി രേഖ അടക്കമുള്ള ഉറ്റവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടി. എങ്കിലും, ശത്രുരാജ്യത്തെ തടവറയില്‍നിന്നും രക്ഷപ്പെട്ട് സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിലുള്ള ആശ്വാസം ചെറുതൊന്നുമായിരുന്നില്ല അയാളുടെ മുഖത്ത്.

28 വര്‍ഷങ്ങള്‍. ജീവിതത്തിലെ വിലപ്പെട്ട ഈ കാലയളവാണ് കുല്‍ദീപ് യാദവ് പാക്കിസ്താന്‍ ജയിലില്‍ കഴിഞ്ഞത്. പാക്കിസ്താനില്‍ ജോലി ചെയ്തു മടങ്ങുന്നതിനു തൊട്ടുമുമ്പായി പാക് പൊലീസിന്റെ പിടിയിലായ കുല്‍ദീപിനെ ചാരവൃത്തി, അട്ടിമറിക്കേസുകളില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. നീണ്ട കാലം പാക്കിസ്താനിലെ കോട് ലഖ്പത് ജയിലില്‍ കഴിഞ്ഞ കുല്‍ദീപ് യാദവ് ഇക്കഴിഞ്ഞ ദിവസമാണ് സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയത്. പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണ് കുല്‍ദീപ് ഇന്ത്യയിലേക്ക് മടങ്ങി വന്നത്.

Signature-ad

ഗുജറാത്തിലെ ചന്ദ്‌ഖേദ സ്വദേശിയായ കുല്‍ദീപ് 1993-ലാണ് പാക്കിസ്ഥാനിൽ ജോലി തേടിപ്പോയത്. അന്നയാള്‍ക്ക് 31 വയസ്സായിരുന്നു. അവിടെ രണ്ട് വര്‍ഷം ജോലി ചെയ്ത് നാട്ടിലേക്കു വരാന്‍ ഒരുങ്ങുമ്പോഴാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കുല്‍ദീപ് യാദവിനെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയ്ക്കു വേണ്ടി ചാരവൃത്തി നടത്തി, പാക്ക് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. രണ്ടര വര്‍ഷത്തോളം വിവിധ പാക് അന്വേഷണ ഏജന്‍സികള്‍ നിരന്തരമായി ചോദ്യം ചെയ്തു കൊണ്ടിരുന്നു. തുടര്‍നാണ് ലാഹോറിലെ കോടതി കുല്‍ദീപിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

Back to top button
error: