KeralaNEWS

എല്‍.കെ.ജി. വിദ്യാര്‍ഥിനി സ്‌കൂള്‍ ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണു

ആലുവ: സ്‌കൂള്‍ ബസില്‍നിന്ന് എല്‍.കെ.ജി. വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു. ബസിന്റെ എമര്‍ജെന്‍സി വാതില്‍വഴി കുട്ടി പുറത്തേയ്ക്കു വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. പെങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസില്‍നിന്നാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 3.45ന് ശേഷമായിരുന്നു അപകടം. കുട്ടിക്ക് സാരമായ പരിക്കില്ലെങ്കിലും ശരീരവേദനയും ചതവും ഉണ്ടെന്നു കുടുംബം പറഞ്ഞു.

അതേസമയം, ബസ് ഡ്രൈവറോ സ്‌കൂള്‍ അധികൃതരോ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ലെന്നു കുടുംബം ആരോപിച്ചു. മറ്റു കുട്ടികളെ എല്ലാം വീട്ടിലെത്തിച്ചതിന് ശേഷമാണ് തങ്ങളുടെ കുട്ടിയെ വീട്ടിലെത്തിച്ചതെന്ന് അവര്‍ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് ശരീരത്തില്‍ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നും വീട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്നു കുടുംബം ആരോപിക്കുന്നു.

Signature-ad

ബസില്‍നിന്ന് കുട്ടി റോഡിലേക്ക് വീണതിന് പിന്നാലെ ഇതു കണ്ടുനിന്നവര്‍ ഓടിയെത്തി എടുക്കുകയും ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബസ് നിര്‍ത്തി. കുട്ടിക്ക് സാരമായ പരിക്ക് ഇല്ലെന്നു കണ്ടതിനെത്തുടര്‍ന്ന് തിരികെ ബസില്‍ കയറ്റിവിട്ടു. കുട്ടിക്ക്് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഷയത്തില്‍ കുടുംബം പോലീസിനെ സമീപിച്ചു.

 

Back to top button
error: