ലിസ്ബണ്‍: ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരിയുടെ മരണത്തിനു പിന്നാലെ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവച്ചു. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിലെ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോയാണ് രാജിവച്ചത്. യുവതിയുടെ മരണത്തിനു പിന്നാലെ, ഡോക്ടര്‍മാരുടെ അഭാവത്തില്‍ അടിയന്തര പ്രസവ സേവനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള മാര്‍ട്ട ടെമിഡോയുടെ തീരുമാനം കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി.
നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് സാന്താ മരിയ ആശുപത്രിയില്‍നിന്ന് ലിസ്ബണിലെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുന്നതിനിടെയാണ് 34 വയസുകാരിയായ ഇന്ത്യന്‍ യുവതി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്. പിന്നീട് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. യുവതിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സമീപ കാലത്ത് രാജ്യത്തുടനീളം സമാനസ്വഭാവമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ, ആശുപത്രി മാറിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ രണ്ടു ശിശുക്കള്‍ മരിച്ചിരുന്നു.
2018-ലാണ് മാര്‍ട്ട ടെമിഡോ ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ വിജയകരമായി വാക്സിന് വിതരണം പൂര്‍ത്തിയാക്കുന്നതില്‍ മാര്‍ട്ടയുടെ നേതൃത്വം വലിയ പങ്കുവഹിച്ചു. രാജി സ്വീകരിച്ചതായും ടെമിഡോയുടെ പ്രവര്‍ത്തനത്തിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പരിഷ്കാരങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോസ്റ്റയുടെ പിതാവും എഴുത്തുകാരനുമായ ഒര്‍ലാന്‍ഡോ ഡി കോസ്റ്റ ഗോവയില്‍ വേരുകളുള്ള പോര്‍ച്ചുഗീസ് വംശജനാണ്.