കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമാധാനപരമായി പ്രതിഷേധിക്കാമെന്നല്ലാതെ, അതിന്റെ മറവില്‍, പദ്ധതി തടസപ്പെടുത്തരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പോലീസിനു സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാം. അദാനി ഗ്രൂപ്പും തുറമുഖ നിര്‍മാണം നടത്തുന്ന കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. പ്രതിഷേധക്കാര്‍ക്ക് പദ്ധതി തടസപ്പെടുത്താന്‍ അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈ മാസം 27 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. വിധി മാനിക്കുന്നുവെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര പ്രതികരിച്ചു. ഇത് അന്തിമ വിധിയല്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സമരസമിതി അറിയിച്ചു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്പനി ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സ് എന്നിവാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ സമരക്കാര്‍ക്കൊപ്പമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. കോടതി ഇടപെട്ടിട്ടും പ്രതിഷേധക്കാരെ പോലീസ് കര്‍ശനമായി തടയുന്നില്ലെന്നും ഹര്‍ജിയില്‍ പരാതിക്കാര്‍ ആരോപിച്ചു. വിഴിഞ്ഞം പ്രദേശത്തു ക്രമസമാധാനം നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ക്കും ബന്ധപ്പെട്ട എസ്.എച്ച്.ഒമാര്‍ക്കും ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.