വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയത് മേരി റോയ്‌യുടെ പോരാട്ടമായിരുന്നു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയുമാണ്.
1933ല്‍ കോട്ടയം അയ്മനത്തായിരുന്നു മേരി റോയ്‌യുടെ ജനനം. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ക്വീന്‍ മേരീസ് കോളേജില്‍ നിന്ന് ബിരുദം നേടി. കല്‍ക്കത്തയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബംഗാളിയായ രാജീബ് റോയ്‌യെ പരിചയപ്പെടുന്നത്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം കുട്ടികളുമായി ഊട്ടിയിലെ പിതാവിന്റെ വീട്ടിലെത്തി താമസമാരംഭിച്ചു. ഈ വീടിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളായിരുന്നു മേരിയെ കോടതിയിലെത്തിച്ചത്.
1984ല്‍ കേരളത്തില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റയ്ക്കായിരുന്നു മേരി റോയ് നിയമപോരാട്ടം ആരംഭിച്ചത്. തുടര്‍ന്ന് 1986ല്‍ സുപ്രീംകോടതിയില്‍ നിന്ന് ചരിത്രവിധിയുണ്ടായി. വില്‍പത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്നായിരുന്നു വിധി. വിധി പ്രകാരം സ്വത്തവകാശം സ്ഥാപിച്ച് കിട്ടാന്‍ മേരി റോയ്ക്ക് വീണ്ടും നിയമപോരാട്ടം നടത്തേണ്ടി വന്നു. ഒടുവില്‍ 2002ലാണ് പൈതൃക സ്വത്തിന്റെ ആറിലൊന്ന് അവകാശം അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നത്. എന്നാല്‍ ഈ സ്വത്ത് തിരികെ സഹോദരന് തന്നെ നല്‍കുകയായിരുന്നു. സഹോദരനെതിരെയല്ല കോടതിയില്‍ പോയത്, നീതി തേടിയാണ്, മക്കള്‍ തുല്ല്യരാണ്, പെണ്‍കുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം. അതിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു തന്റേതെന്നുമായിരുന്നു മേരി റോയ് പ്രതികരിച്ചത്.