KeralaNEWS

നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച നിശ്ചയിച്ചതിനെതിരെ ചങ്ങനാശേരി അതിരൂപത

കോട്ടയം: നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ ചങ്ങനാശേരി അതിരൂപത രംഗത്ത്. പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്റു ട്രോഫിക്കായി പാർക്കിംഗ് ക്രമീകരണം നടത്തണം എന്നാവശ്യപ്പെടുന്നത് അപലപനീയമാണെന്ന് അതിരൂപത വൈദിക സമിതി വ്യക്തമാക്കി. ക്രൈസ്തവർ പ്രാർഥനയ്ക്കും ദൈവ ആരാധനയ്ക്കുമായി മാറ്റി വയ്ക്കുന്ന ദിവസമാണ് ഞായറാഴ്ച. ഞായറാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങൾ കുറെ നാളുകളായി സംസ്ഥാന സർക്കാർ തലത്തിൽ നടത്തപ്പെടുകയാണ്. ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ചങ്ങനാശേരി അതിരൂപത വൈദിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സെപ്തംബർ നാലിനാണ് ഇത്തവണ നെഹ്റു ട്രോഫി വള്ളംകളി. വള്ളംകളി ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ലാവലിൻ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. കേരളം ആധ്യക്ഷ്യം വഹിക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനായാണ് അമിത് ഷാ എത്തുന്നതെന്നും യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Signature-ad

യോഗത്തിന് ശേഷം വള്ളംകളിയില്‍ കൂടി പങ്കെടുക്കണം എന്നായിരുന്നു മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നെഹ്റുവിന‍്റെ പേരിലുള്ള ഒരു മല്‍സരത്തിന്‍റെ ഉദ്ഘാടനത്തിനായി  അമിത് ഷായെ ക്ഷണിച്ചതില്‍ പിന്നിൽ ഗൂഢ താല്‍പ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ലാവലിനാണോ സ്വര്‍ണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ബാക്കി. ടീമുകൾ അവസാനവട്ട പരിശീലനത്തില്‍. ഇതിനിടെയാണ് മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം. ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകൾ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടറുടെ ഉത്തരവാണ് തർക്കത്തിന് വഴിവെച്ചിരിക്കുന്നത്.

പന കൊണ്ട് നിർമിച്ച തുഴ മാത്രമേ അനുവദിക്കു എന്നാണ് പുതിയ നിർദേശം. എന്നാൽ ഇത്രയും നാൾ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവർ പുതിയ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ല. രണ്ടു ടീമുകൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ടീം തുഴയുന്ന ചന്പക്കുളം ചുണ്ടനും സെന്‍റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്‍റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയിലെത്തിയത്.

Back to top button
error: