KeralaNEWS

മയക്കുമരുന്ന് സ്ഥിരം വില്‍പ്പനക്കാരെ രണ്ടുവര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി; പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം വില്‍പ്പനക്കാരെ രണ്ടുവര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കക്ഷിവ്യത്യാസമില്ലാതെ എല്ലാവരേയും ഉള്‍പ്പെടുത്തി ഗാന്ധിജയന്തിദിനത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പി.സി. വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കുറ്റകൃത്യംചെയ്യുന്നവരില്‍നിന്നു ബോണ്ട് വാങ്ങുമെന്നും സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും കുറയ്ക്കാന്‍ കര്‍ശന നടപടികളും വിപുലമായ ബോധവല്‍ക്കരണവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരം കുറ്റവാളികളുടെ വിശദമായ പട്ടിക തയാറാക്കും. അത് എല്ലാ പോലീസ് സ്‌റ്റേഷനിലും എക്‌െസെസ് ഓഫീസുകളിലും സൂക്ഷിക്കും. ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരേയുള്ള കുറ്റപത്രങ്ങളില്‍ അവരുടെ ഇത്തരം മുന്‍കാല കുറ്റങ്ങളും ഉള്‍പ്പെടുത്തും. അത് ഉയര്‍ന്ന ശിക്ഷ ലഭ്യമാക്കുന്നതിന് സഹായിക്കും.

ലഹരിക്ക് എതിരായ പോരാട്ടം ജനകീയപ്രചാരണ പരിപാടിയാക്കും. യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹിക – സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ഇതില്‍ കണ്ണിചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷം മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചു.

വിദ്യാലയങ്ങളില്‍ ലഹരിവ്യാപനം തടയുന്നതിന് ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കും. വിദ്യാലയത്തിന്റെ പരിസരത്ത് ലഹരിവില്‍പ്പന നടത്തുകയാണെങ്കില്‍ പിന്നീട് ആ സ്ഥാപനം തുറക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ജനജാഗ്രത സമിതികള്‍ രൂപീകരിക്കും. ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കുടുംബശ്രീകളെ ബോധവല്‍ക്കരിക്കും. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ െകെമാറാനും തീരുമാനിച്ചു.

Back to top button
error: