ചെന്നൈ: സ്‌കൂള്‍ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ കലഹത്തെത്തുടര്‍ന്ന് വീടുവിട്ട ബാലികയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചെന്നൈ ആവഡിയില്‍ ആണ് സംഭവം. പട്ടാഭിരാമിലെ ടീച്ചേഴ്‌സ് കോളനിയില്‍നിന്നുള്ള ഓട്ടോഡ്രൈവര്‍ രാമകൃഷ്ണന്‍ ആണ് അറസ്റ്റിലായത്.
സ്‌കൂള്‍ മാറുന്നതിനെച്ചൊല്ലി മാതാപിതാക്കളോട് വഴക്കിട്ട പതിനാലുകാരി അച്ഛനും അമ്മയും പുറത്തുപോയ സമയത്താണ് വീടുവിട്ടത്. ഈ സമയം സഹോദരിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആത്മഹത്യചെയ്യാന്‍ പോവുകയാണ് എന്നാണ് അനുജത്തിയോട് പതിനാലുകാരി പറഞ്ഞത്. തുടര്‍ന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടിലെത്തിയ ഉടന്‍ കുട്ടി ഇക്കാര്യം പറയുകയും അവര്‍ മകളെ അന്വേഷിച്ചിറങ്ങുകയും ചെയ്തു.
രാത്രി ഒമ്പതുമണിയോടെ വിദ്യാര്‍ഥിനി തനിച്ചു നടന്നുപോകുന്നതു ശ്രദ്ധയില്‍പ്പെട്ട ഓട്ടോഡ്രൈവറായ രാമകൃഷ്ണന്‍ പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വണ്ടിയുമായെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വഴിയില്‍കണ്ട സ്ത്രീയോട് വിവരം പറഞ്ഞു. അവരാണ് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടി നല്‍കിയ വിവരണത്തിന്റെയും സമീപത്തെ സി.സി.ടി.വി. ക്യാമറകളില്‍നിന്നു കിട്ടിയ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് രാമകൃഷ്ണനെ അറസ്റ്റുചെയ്യുകയായിരുന്നു.