KeralaNEWS

എം.വി. ഗോവിന്ദന്‍: കളങ്കമില്ലാത്ത ജീവിതം, മിതത്വമുള്ള ശൈലി; സമരവീഥിയില്‍ ഒപ്പം നടന്ന സഖാവിനെ ചരിത്രനിയോഗം ഏല്‍പ്പിച്ച് സി.പി.എം.

തിരുവനന്തപുരം: ബാല്യം മുതല്‍ ആരംഭിച്ച സംഘടനാ പ്രവര്‍ത്തനം ജീവിതയാത്രയിലും തുടര്‍ന്ന എം.വി. ഗോവിന്ദനെന്ന അടിയുറച്ച കമ്യൂണിസ്റ്റുകാരനെ തേടിയെത്തിയിരിക്കുന്നത് ചരിത്ര നിയോഗം. കോടിയേരിക്ക് പകരക്കാരനായി സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വി ഗോവിന്ദനെത്തുമ്പോള്‍ കളങ്കമേല്‍ക്കാത്ത ലാളിത്യത്തിന്റെ മുഖമാണ് പാര്‍ട്ടിക്ക് കൈവന്നിരിക്കുന്നത്. ജീവിതയാത്രയിലുടനീളം പാര്‍ട്ടിക്കായി നിലകൊണ്ട വ്യക്തിത്വമാണ് എം.വി. ഗോവിന്ദന്റേത്.

പാര്‍ട്ടിയിലെ മിതവാദിയും താത്വികമുഖവുമാണ് എംവി ഗോവിന്ദന്‍. രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനെന്നു വിശേഷിപ്പിക്കാവുന്ന എം.വി. ഗോവിന്ദന്‍, പാര്‍ട്ടിയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമ്പോള്‍ അതിന് അദ്ദേഹത്തിനു തുണയായത് സംഘടനാ പ്രവര്‍ത്തനത്തിലെ മികവും സ്വീകാര്യതയുമാണ്. സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എ.വിജയരാഘവനെയും ഇ.പി. ജയരാജനെയും എ.കെ. ബാലനെയും മറികടക്കാന്‍ ഗോവിന്ദന് തുണയാത് നിലപാടിലെ മൃദുത്വവും കളങ്കമില്ലാത്ത പ്രവര്‍ത്തനമികവുമാണ്.

Signature-ad

1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിണറായി വിജയന്‍ ഒന്നര വര്‍ഷത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറിയായി. അതേ പോലെ ഇന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നരവര്‍ഷമാകുമ്പോള്‍ ഗോവിന്ദന്‍ മാഷും മന്ത്രിപദവി വിട്ട് പാര്‍ട്ടിയുടെ അമരത്തേക്ക് എത്തുന്നു. പിണറായി രണ്ട് ടേം പൂര്‍ത്തിയാക്കുന്നതോടെ ആ സ്ഥാനത്തേക്കും പാര്‍ട്ടി ദീര്‍ഘവീക്ഷണത്തോടെ കണ്ടെത്തുന്ന ഉത്തരം കൂടിയായി എം.വി ഗോവിന്ദന്റെ നിയോഗത്തെ വിലയിരുത്തുന്നവരുമുണ്ട്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാറുമ്പോഴും പാര്‍ട്ടിയിലെ കണ്ണൂര്‍ ആധിപത്യം മാറുന്നില്ല എന്നതും എം. വി. ഗോവിന്ദന്റെ നിയമനത്തില്‍ ശ്രദ്ധേയമായി. രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയായ അദ്ദേഹം തളിപ്പറമ്പില്‍ നിന്നാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ വിശ്വസ്തനായ കണ്ണൂര്‍ സഖാവായാണ് ഗോവിന്ദന്‍ മാസ്റ്റര്‍ അറിയപ്പെടുന്നത്.

മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു എം.വി. മാധവി ദമ്പതികളുടെ മകനായ എം.വി. ഗോവിന്ദന്‍ 1970 ലാണു പാര്‍ട്ടി മെംബറായത്. എന്നാല്‍ അതിനും ഏറെ മുമ്പ് തുടങ്ങിയിരുന്നു പാര്‍ട്ടിയുമായുള്ള ആത്മബന്ധം. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മോറാഴയില്‍ ബാലസംഘം രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയതും ആദ്യ പ്രസിഡന്റായതും എം.വി.ഗോവിന്ദന്‍ ആയിരുന്നു. അന്നു ബാലസംഘത്തിനു സംസ്ഥാനതലരൂപമില്ല. മോറാഴ സെന്‍ട്രല്‍ യുപി സ്‌കൂളിലും കല്യാശ്ശേരി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ബാലസംഘം പ്രവര്‍ത്തനത്തിലെ മികവ് കണ്ടാണു പാച്ചേനി കുഞ്ഞിരാമന്‍, ഗോവിന്ദനെ തളിപ്പറമ്പിലേക്കു കൂട്ടിയത്. ഇതിനിടെ പത്താം ക്ലാസ് കഴിഞ്ഞു കോഴിക്കോട് കായികവിദ്യാഭ്യാസം ഡിപ്ലോമയ്ക്കു ചേര്‍ന്നു.

ബാല്യത്തില്‍ തന്നെ ആരംഭിച്ച ഈ സംഘടനാ ബന്ധം ജീവിതയാത്രയുടെ പാതയായി അദ്ദേഹം പിന്നീട് തെരഞ്ഞെടുത്തു. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍കൂടിയാണ് ഗോവിന്ദന്‍.

യുവജനസംഘടനകളിലുള്ളപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു മിക്കപ്പോഴും രാത്രിവാസം. എകെജി നാട്ടിലുള്ളപ്പോള്‍ രാത്രി ഓഫിസിലുണ്ടാകും. രാവിലെ എഴുന്നേറ്റുവരുമ്പോള്‍ ഉറക്കമാണെങ്കില്‍ ശാസനയോടെ എകെജി വിളിച്ചുണര്‍ത്തും. ശാസന മാത്രമല്ല അദ്ദേഹത്തിന്റെ വാത്സല്യവും ഏറെ അനുഭവിച്ചിട്ടുണ്ട് എം.വി. ഗോവിന്ദന്‍.

ഡിവൈഎഫ്‌ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ അംഗമായിരുന്ന എം.വി. ഗോവിന്ദന്‍ ഡിവൈഎഫ്‌ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീടു സെക്രട്ടറിയുമായി. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസവും പൊലീസ് മര്‍ദനവും അനുഭവിച്ചു. എം.വി. രാഘവന്റെ ബദല്‍രേഖാ കാലത്ത്, പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നു. 1991 ല്‍ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ 1996 ലും 2001 ലും തളിപ്പറമ്പില്‍നിന്നു നിയമസഭയിലെത്തി. 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഗോപി കോട്ടമുറിക്കല്‍ വിവാദത്തേയും തുടര്‍ന്ന് കണ്ണൂര്‍ വിട്ട് അവിടെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു.

2006 മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് എം.വി ഗോവിന്ദന്‍. 2018ല്‍ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് സംഘടനാ ചുമതലിയിലേക്ക് ഇതാദ്യമായിട്ടല്ല ഗോവിന്ദന്‍ മാഷിനെ പാര്‍ട്ടി നിയോഗിക്കുന്നത്. 1996, 2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്നുള്ള എംഎല്‍എയിരുന്നു. നിയമസഭാംഗമായിരിക്കുമ്പോഴാണ് 2002ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററായിരുന്നു. പാര്‍ട്ടി വേദികളില്‍ സ്റ്റഡി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഗോവിന്ദന്‍ മാസ്റ്ററായിരുന്നു. ഡിവൈഎഫ്ഐ രൂപീകരണകാലത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നാലു പതിറ്റാണ്ടുമുന്‍പെഴുതിയ പുസ്തകം ‘യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തില്‍’ ഇന്നും കേരളത്തില്‍ യുവജന സംഘടനകളുടെ റഫറന്‍സ് ഗ്രന്ഥമാണ്.

ആന്തൂര്‍ നഗരസഭ മുന്‍ ചെര്‍പേഴ്സണും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശ്യാമളയാണ് ഭാര്യ. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ശ്യാമളയുമായി 1985ലായിരുന്നു വിവാഹം.

 

 

 

Back to top button
error: