അടൂര്‍: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ യുവതിയെ ആക്രമിച്ച് കവര്‍ന്ന പണമടങ്ങിയ ബാഗ് ഭര്‍ത്താവിന്റെ വീട്ടിലെ സിറ്റൗട്ടില്‍നിന്നു കണ്ടെത്തി. ചാരുംമൂട് പേരൂര്‍ കാരായ്മയില്‍ അശ്വതി(27)യെ ആക്രമിച്ച് തലയില്‍ പെട്രോളൊഴിച്ച ശേഷം കവര്‍ന്ന ബാഗാണ് ഭര്‍ത്താവ് തെങ്ങമം നടേശേരില് കൃഷ്ണകുമാറിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയത്.
യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ, കൃഷ്ണ കുമാറിന്റെ ബന്ധുക്കള്‍ വിവരം അറിയിച്ചതനുസരിച്ചാണ് പോലീസ് വീട്ടിലെത്തി സിറ്റൗട്ടില്‍ നിന്ന് ബാഗ് കണ്ടെടുത്തത്.
കളക്ഷന്‍ പണത്തിനു പുറമേ ടാബ്, ഫോണ്‍, മറ്റ് രേഖകള്‍ എന്നിവയടങ്ങിയ ബാഗാണ് യുവതിയുടെ ഭര്‍ത്താവും പ്രതികളും ചേര്‍ന്ന് കവര്‍ന്നത്. കളക്ഷനായി സ്കൂട്ടറില്‍ വന്ന അശ്വതിയെ വ്യാഴാഴ്ച െവെകിട്ട് 6.50 ന് തടഞ്ഞുനിര്‍ത്തി കുപ്പിയില്‍ കരുതിയ പെട്രോള്‍ തലയില്‍ ഒഴിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പണമടങ്ങിയ ബാഗ് ഉള്‍പ്പെടെയുള്ളവ െകെവശപ്പെടുത്തിയ ശേഷം തൊട്ടടുത്ത പറമ്പില്‍ കൊണ്ട് മര്‍ദ്ദിച്ചുവെന്നുമാണ് കേസ്.
ഭര്‍ത്താവും സുഹൃത്തുക്കളുമാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതി പോലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ബാഗ് കണ്ടെത്തിയിരിക്കുന്നത്. ആറ് വര്‍ഷം മുന്‍പ് വിവാഹിതരായ കൃഷ്ണകുമാറും അശ്വതിയും കുറച്ചുനാളായി പിണങ്ങിക്കഴിയുകയായിരുന്നു.