ദുബായ്: ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശീലനത്തിനിടെ ഇരു ടീമിലെയും താരങ്ങള്‍ സൗഹൃദം പുതുക്കി അടുത്തിടപഴകിയത് ആരാധകര്‍ കണ്ടു. ഇനി ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനുള്ള സമയമാണ്.
നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി രോഹിത് ശര്‍മക്കൊപ്പം ആരാകും ഓപ്പണറെന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രോഹിത്തിന്റെ സസ്പെന്‍സ് നിറച്ച മറുപടി.
കഴിഞ്ഞ കുറച്ചു പരമ്പരകളിലായി ഓപ്പണര്‍ സ്ഥാനത്ത് ഇന്ത്യ കുറെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. റിഷഭ് പന്തും, സൂര്യകുമാറും എല്ലാം ഓപ്പണറായി എത്തി. ഇപ്പോള്‍ കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നാളെ രാഹുല്‍ തന്നെ ആവില്ലെ ഓപ്പണര്‍ എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
അത് നാളെ നിങ്ങള്‍ക്ക് ടോസിനുശേഷം അറിയാം എന്ന് പറഞ്ഞ രോഹിത്, ഞങ്ങള്‍ക്കും കുറച്ച് രഹസ്യങ്ങളൊക്കെ വേണ്ടെ എന്നുകൂടി പറഞ്ഞതോടെ കൂട്ടച്ചിരിയായി. കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു എന്നത് സത്യമാണ്. ചിലത് വിജയിച്ചു, ചിലത് പരാജയപ്പെട്ടു. പരീക്ഷണം നടത്തുന്നതില്‍ തെറ്റൊന്നുമില്ല. കാരണം പരീക്ഷണം നടത്തിയാലല്ലെ ഉത്തരങ്ങള്‍ ലഭിക്കു.
ഇനിയും അവസരം വരുമ്പോള്‍ പുതിയ പരീക്ഷണങ്ങള്‍ ഞങ്ങള്‍ നടത്തും. ടീം കോംബിനേഷനെ കുറിച്ചാണെങ്കില്‍ അത് നാളെ മാത്രമെ അറിയാന്‍ കഴിയു. പരീക്ഷണങ്ങളെ സംബന്ധിച്ചാണെങ്കില്‍ അതിനിയും തുടരും. കഴിഞ്ഞ ആറോ എട്ടോ മാസങ്ങളിലായി നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഞങ്ങള്‍ക്ക് കുറെ കാര്യങ്ങളില്‍ വ്യക്തത ലഭിച്ചത്. പ്ലേയിംഗ് ഇലവന് തീരുമാനിച്ചിട്ടില്ലെന്നും പിച്ചും സാഹചര്യങ്ങളും നോക്കിയാകും തീരുമാനമെന്നും രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.