ലക്നൗ: ഭാര്യയുടെ വഴക്കുകളും ആക്രമണങ്ങളും കൊണ്ട് മടുത്ത ഭര്‍ത്താവ് കഴിഞ്ഞ ഒരു മാസമായി താമസിക്കുന്നത് 80 അടി ഉയരമുള്ള പനയില്‍. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ കോപഗഞ്ച് മേഖലയിലാണ് വിചിത്രമായ സംഭവം. 42കാരനായ രാം പ്രവേഷ് കഴിഞ്ഞ ആറ് മാസമായി ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മര്‍ദിച്ചതായും ഇയാള്‍ ആരോപിച്ചു. ഭാര്യയുടെ പെരുമാറ്റത്തില്‍ മനം മടുത്ത് കഴിഞ്ഞ ഒരുമാസമായി മരത്തില്‍ കയറി അവിടെയാണ് രാം പ്രവേഷിന്റെ താമസം. ഭക്ഷണവും വെള്ളവും ഒരു കയര്‍ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. അയാള്‍ മുകളില്‍നിന്ന് വലിച്ചെടുക്കും. ഇതാണ് ഇപ്പോഴാത്തെ പതിവ്.
ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച്, രാം പ്രവേഷ് രാത്രിയില്‍ കുറച്ച് സമയങ്ങളില്‍ മാത്രം മരത്തില്‍ നിന്ന് താഴെയിറങ്ങും. മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞ് വീണ്ടും മരത്തിലേക്ക് കയറുകയും ചെയ്യും. രാം പ്രവേഷിനോട് ഇറങ്ങി വരാന്‍ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാള്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ വിളിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും രാം പ്രവേഷ് ചെവിക്കൊള്ളാതെ വന്നതോടെ അവര്‍ അയാളുടെ വീഡിയോ എടുത്തു. പനമരത്തോട് ചേര്‍ന്ന് നിരവധി വീടുകള്‍ ഉള്ളതിനാണ് ഇയാളുടെ പ്രവര്‍ത്തിയെ ഗ്രാമവാസികള്‍ എതിര്‍ക്കുകയാണെന്ന് ഗ്രാമമുഖ്യന് ദീപക് കുമാര്‍ പറഞ്ഞു.
ആളുകള്‍ അവരുടെ വീടുകളില്‍ എന്താണ് ചെയ്യുന്നതെന്ന് അയാള്‍ നിരീക്ഷിക്കുകയാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം. അത് അവരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമത്തിലെ പല സ്ത്രീകളും വന്ന് പരാതി പറയുന്നുണ്ടെന്നും അതിനാല്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വന്ന് വീഡിയോ എടുത്ത് പോയെന്നും ദീപക് കുമാര്‍ പറഞ്ഞു. വിചിത്രമായ ഈ സംഭവം അറിഞ്ഞ് രാം പ്രവേഷിനെ കാണാന്‍ ഗ്രാമത്തിന്റെ ചുറ്റുപാടുകളില്‍ നിന്ന് ആളുകള്‍ ദിവസവും എത്താറുണ്ടെന്ന് ഇയാളുടെ പിതാവ് ശ്രീകിഷുണ്‍ റാം പറഞ്ഞു.