KeralaNEWS

നായകളുടെ കടിയേറ്റവര്‍ മരിച്ച സംഭവത്തില്‍ വിദഗ്ധസമിതി അന്വേഷണം; ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: നായകളില്‍നിന്നു കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നുമുള്ള കടിയേറ്റുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്സിനേഷനും നടത്തും. വളത്തുനായകളുടെ വാക്സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.

Signature-ad

പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്സിന്‍ ഉറപ്പ് വരുത്താന്‍ തീരുമാനമായി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായകള്‍ക്ക് വാക്സിന്‍ എടുക്കും. പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

Back to top button
error: