മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി 2000 ആപ്പുകളെ പ്ലേ സ്‌റ്റോറില്‍നിന്ന് പുറത്താക്കി ഗൂഗിള്‍. പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ വഴി കടം വാങ്ങുന്നവര്‍ ഉപദ്രവിക്കല്‍, ബ്ലാക്ക്മെയിലിങ്, കൊള്ളയടിക്കുന്ന തരത്തിലുള്ള പണമിടപാട് നടത്തല്‍ എന്നിവയ്ക്ക് ഇരയാകുന്നുണ്ട്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണ് ഗൂഗിളിന്റെ നടപടി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി, പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്ന ആപ്പുകളെന്ന് ഗൂഗിള്‍ പറഞ്ഞു.
അനിയന്ത്രിതമായ വായ്പാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഇന്ത്യയില്‍ ലോണ്‍ നല്‍കുന്ന ആപ്പുകളെ നീരിക്ഷിച്ച് ഗൂഗിള്‍ നടപടി എടുക്കാന്‍ തുടങ്ങിയത്. 2022 തുടക്കം മുതല്‍ ഗൂഗിള്‍ ഇത്തരത്തില്‍ ആപ്പുകള്‍ നീക്കം ചെയ്യുന്നുണ്ട്.
പ്രാദേശിക റിപ്പോര്‍ട്ടിന്റെയും ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പേഴ്‌സണല്‍ ലോണ്‍ ആപ്പുകളുടെ കാര്യത്തില്‍ ഗൂഗിള്‍ നടപടി സ്വീകരിച്ചത്. വൈകാതെ പേഴ്‌സണല്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിള്‍ പ്ലേ നയങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും സാധ്യതയുണ്ട്. ലോണ്‍ തിരിച്ചടവിന്റെ പേരില്‍ നിരവധി ഉപയോക്താക്കളാണ് ബ്ലാക്കമെയിലിങ് ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ നേരിടുന്നത്.
പ്ലേ സ്റ്റോറില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലോണ്‍ ആപ്പുകള്‍ പോലും പുറത്ത് ഉപയോക്താക്കള്‍ക്കുള്ള ഭീഷണിയായേക്കും. അടുത്തിടെയാണ് അനധികൃത വായ്പാ ആപ്പുകള്‍ നിരോധിക്കുന്നതിനായി ആര്‍ ബി ഐ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇതിനു പിന്നാലെ അനിയന്ത്രിതമായ വായ്പാ ആപ്പുകളെ കണ്ടെത്തി നീക്കം ചെയ്യാന്‍ ഗൂഗിളും നടപടി സ്വീകരിക്കുകയായിരുന്നു.