രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് ഉയരുന്നതായി റിപ്പോർട്ട്. ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 99 ഡോളറാണ് ഇന്നത്തെ വില. നാല് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. ആഗസ്റ്റ് ആദ്യം 93 രൂപയായിരുന്ന വിലയാണ് ഇപ്പോൾ വീണ്ടും ഉയർന്നിട്ടുള്ളത്. യുക്രെയ്ൻ-റഷ്യ യുദ്ധ സമയത്ത് എണ്ണവില ബാരലിന് 147 ഡോളറിൽ എത്തിയിരുന്നു. പിന്നീട് 100ലേക്കും 90ലേക്കും വില താഴ്ന്നു. ഈ വിലയാണ് വീണ്ടും 100ലേക്ക് കുതിക്കുന്നത്.വില ഉയർത്തുന്നതിന്റെ ഭാഗമായി ഉൽപാദനം കുറക്കാനുള്ള എണ്ണ ഉൽപാദന രാജ്യങ്ങളുടെ നീക്കമാണ് വില വർധനക്ക് കാരണമാകുന്നത്. ഇറാനിൽ നിന്നുള്ള എണ്ണ വിപണിയിലേക്ക് എത്തുമെന്നും റിപ്പോർട്ടുണ്ട്.
ഈ എണ്ണ എത്തുന്നതോടെ വിപണി വിലയിൽ ഇടിവ് വരാൻ ഇടയാക്കും. വില ഇടിവ് മറികടക്കാൻ കൂടിയാണ് ഉൽപാദനം കുറച്ച് വില ഉയർത്താനുള്ള നീക്കം ഒപെക് രാജ്യങ്ങൾ നടത്തുന്നത്.
രാജ്യാന്തര വിപണിയിലെ എണ്ണ വിലയിലെ വർധനവ് ഇന്ത്യയിലും പ്രതിഫലിക്കും. ഇന്ത്യയിലെ എണ്ണകമ്പനികൾ വരും ദിവസങ്ങളിൽ വില വർധിപ്പിക്കാനാണ് സാധ്യത.