തിരുവനന്തപുരം: സംസ്ഥാനത്തു പ്ലസ് വണ്‍ അധ്യയനം ഇന്നാരംഭിക്കും. 3,08,000 കുട്ടികളാണ് ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെത്തുക. മറ്റു ക്ലാസുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത വിധം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
മൂന്നാം അലോട്ട്മെന്റില്‍ പ്രവേശനം ഇന്നു വൈകിട്ട് അഞ്ചു വരെ നീട്ടിയിട്ടുണ്ട്. പ്ലസ് വണ്‍ മെറിറ്റ് ക്വാട്ടയുടെ മൂന്നാം അലോട്ട്മെന്റിനു മുമ്പു മാനേജ്മെന്റ്-അണ് എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവര്‍ക്കു മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടാന്‍ സൗകര്യം ലഭിക്കും.
അതിനിടെ, പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ടു മുഖ്യഅലോട്ട്മെന്റിനുശേഷം ആദ്യഘട്ട പരിശോധന നടത്തുമെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മലപ്പുറത്തുനിന്നുള്ള എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിശദമായ പരിശോധന ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നടത്തും. പ്രത്യേക സമിതി രൂപീകരിച്ചാവും പരിശോധന. ബാച്ചുകളും സീറ്റുകളും സംബന്ധിച്ച ശാസ്ത്രീയ പഠനമായിരിക്കും അതെന്നും മന്ത്രി പറഞ്ഞു.