ഇടുക്കി: മാങ്കുളത്ത് കുരുമുളക് സംഭരണ കേന്ദ്രത്തില്‍ മോഷണം. കേരള അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ മാങ്കുളം റീജിണൽ ഓഫീസിൻ്റെ കുരുമുളക് സംഭരണ കേന്ദ്രത്തിലാണ് മോഷണം നടന്നത്. കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന എണ്ണൂറ് കിലോയോളം വരുന്ന ലക്ഷങ്ങളുടെ ജൈവ കുരുമുളക് മോഷണം പോയി. കല്ലാർ മാങ്കുളം റോഡിനോരത്ത് താളുംങ്കണ്ടം കവലക്ക് സമീപം പ്രവർത്തിച്ച് വന്നിരുന്ന കേരള അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ മാങ്കുളം റീജിണൽ ഓഫീസിൻ്റെ കുരുമുളക് സംഭരണ കേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രിയിൽ മോഷണം നടന്നത്.
ഷട്ടറിട്ട കടമുറിക്കുള്ളിൽ ചാക്കുകളിലാക്കിയായിരുന്നു കുരുമുളക് സൂക്ഷിച്ചിരുന്നത്. 50 കിലോയുടെ പതിനാറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 800 കിലോയോളം ജൈവ കുരുമുളകാണ് മോഷണം പോയത്. മോഷണം പോയ കുരുമുളകിന് ഏകദേശം നാല് ലക്ഷം രൂപയോളം വിലമതിക്കുമെന്ന് കേരള അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റി റീജിണൽ ഡയറക്ടർ പി ജെ സെബാസ്റ്റ്യൻ പറഞ്ഞു. കടമുറി പൂട്ടിയിരുന്ന താഴുകൾ തകർത്താണ് മോഷ്ടാക്കൾ സംഭരണ കേന്ദ്രത്തിനുള്ളിൽ പ്രവേശിച്ചത്. സമീപത്താകെ കുരുമുളക്പൊടി വിതറുകയും ഫ്യൂസ് ഊരിമാറ്റി വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു.
കടമുറിയോട് ചേർന്ന വരാന്തയിൽ ചുവന്ന നിറമുള്ള പൊടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ ആൾ കടമുറികൾക്ക് മുമ്പിൽ എത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഉടന്‍ തന്നെ സൊസൈറ്റി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് ഷട്ടർ തുറന്ന് കുരുമുളക് മോഷ്ടിക്കപ്പെട്ട വിവരം വ്യക്തമാകുന്നത്. തുടർന്ന് മാങ്കുളം പോലീസ് ഔട്ട് പോസ്റ്റിൽ വിവരമറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു. കുരുമുളക് സംഭരണ കേന്ദ്രത്തിൽ ആകെ ഏഴര ടണ്ണോളം കുരുമുളക് സൂക്ഷിച്ചിരുന്നതായാണ് സൊസൈറ്റി അധികൃതർ നൽകുന്ന വിവരം.