KeralaNEWS

അങ്കണവാടിയിൽ മലിനജലം കണ്ടെത്തിയ സംഭവം: രണ്ടു ജീവനക്കാര്‍ക്ക് സസ്പെൻഷൻ

തൃശ്ശൂര്‍: പാഞ്ഞാൾ പഞ്ചായത്തിലെ വാഴാലിപ്പാടം അംഗൻവാടിയിലെ കുടിവെള്ള ടാങ്കിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ രണ്ട് അങ്കണവാടി ജീവനക്കാരെ സസ്പെൻഡ‍് ചെയ്തു. സംഭവത്തിൽ പാഞ്ഞാൾ ആരോഗ്യ വകുപ്പിൻ്റെയും, പാഞ്ഞാൾ ഗ്രാമ പഞ്ചായതിൻ്റെയും അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.അംഗൻവാടിയിലെ രണ്ട് ജീവനക്കാർ സംഭവത്തിൽ ഗുരുതര വീഴ്ച നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. അംഗൻവാടിയുടെ തത്കാലിക ചുമതല തൊട്ടടുത്തുള്ള അംഗൻവാടി ജീവനക്കാർക്ക് കൈമാറിയതായി വാർഡ് മെമ്പർ പി.എം.മുസ്തഫ അറിയിച്ചു.

ചേലക്കര പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പർ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിൽ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികൾക്ക് കുടിക്കാൻ ഈ വാട്ടർ ടാങ്കറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ കുട്ടികൾക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെ ആണ് രക്ഷിതാക്കൾ പരിശോധിക്കാൻ തീരുമാനിച്ചത്.

Signature-ad

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി അംഗന്‍വാടിയിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്‍റെ മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിനുള്ളിൽ പരിശോധിച്ചത്. രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നൽകി. തുടർന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാരും പരിശോധന നടത്തി.

അടുക്കളയിലെ വാട്ടർ പ്യൂരിഫിയറിന് ഉള്ളിൽ നിന്ന് ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടർ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അംഗന്‍വാടിയിലേക്ക് വിടുകയിലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ടീച്ചർ ഉൾപ്പടെ രണ്ടുപേരാണ് അംഗന്‍വാടിയിലുണ്ടായിരുന്നത്. ആറ് കുട്ടികളാണ് ഇവിടെ വരുന്നത്. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി അടച്ചിട്ടിരിക്കുകയായിരുന്നു.

Back to top button
error: