കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ സര്‍വ്വകലാശാല സിൻഡിക്കേറ്റ്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാൻസലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ്റെ നടപടി ഭരണഘടനാ പദവി വഹിക്കുന്നയാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്നും ഗവർണർ വിവാദങ്ങൾക്ക് ഊർജ്ജം പകരുകയാണെന്നും സർവകലാശാലാ നിയമങ്ങൾ പൂർണമായി ഗവർണർ മനസ്സിലാക്കിയില്ലെന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി. ഇതിൻ്റെ തുടർച്ചയാണ് വിസിക്കെതിരായ വ്യക്തിപരമായ അധിക്ഷേപമെന്നും സിൻഡിക്കേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറെ ക്രിമിനലെന്നു വിശേഷിപ്പിച്ച ചാൻസലർകൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിയിൽ സിൻഡിക്കറ്റ് ശക്തമായ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി. അങ്ങേയറ്റം അനുചിതവും ഉന്നത ഭരണഘടനാ പദവി വഹിക്കുന്ന ഗവർണറെപ്പോലുള്ള ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതുമാണ് ഇത്തരം പദപ്രയോഗമെന്ന് സിൻഡിക്കറ്റ് വാർത്താ ക്കുറിപ്പിൽ പറഞ്ഞു.
കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങളായി വലിയ വാർത്തകളും വിവാദങ്ങളുമാണ് മാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിൽക്കുന്നത്. ഇതിന് ഊർജ്ജം പകരുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
സർവകലാശാലാ നിയമങ്ങൾ പൂർണമായി മനസിലാക്കാതെയുള്ള നടപടിക്രമങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചതിന്റെ തുടർച്ചയായാണ് വൈസ് ചാൻസലർക്കെതിരായ വ്യക്തിപരമായ അധിക്ഷേപം. നിയമനങ്ങളിലും ബോർഡ് ഓഫ് സ്റ്റഡീസ് പുന:സംഘടിപ്പിക്കുന്നതിലും കോളേജ് അനുവദിക്കുന്നതിലുമെല്ലാം നിലവിലുള്ള സർവകലാശാലാ ആക്റ്റും സ്റ്റാട്യൂട്ടും അനുസരിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് സർവകലാശാല നടപടികൾ സ്വീകരിച്ചത്.
സേവ് യൂണിവേഴ്സിറ്റിക്കാരുടെയും ചില പ്രതിപക്ഷ സംഘട നകളുടെയും വാക്കുകൾ കേട്ട് രാഷ്ട്രീയ മുൻ വിധിയോടെ ഒന്നും പരിശോധിക്കുകയോ യഥാർഥ വസ്തുതകൾ മനസിലാക്കുകയോ ചെയ്യാതെ സർവകലാശാലയെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഗവർണറുടെ നടപടി അതിരുവിട്ടതും അപലപനീയവുമാണ്.
സർവകലാശാല കുറഞ്ഞ കാലം കൊണ്ട് നേടിയ അംഗീകാരങ്ങളെയെല്ലാം (B grade ൽ നിന്ന് B++ ലേക്ക് എത്തിയതും NIRF റാങ്കിങ്ങിലും ATAL റാങ്കിങ്ങിലും ഇടം പിടിച്ചതും മറ്റും) മറച്ചുവെച്ചുകൊണ്ട് മര്യാദയുടെ അതിരുകളൊന്നും തനിക്കു ബാധകമല്ല എന്ന മട്ടിലുള്ള ചാൻസലരുടെ പരാമർശങ്ങൾ പദവിക്കു നിരക്കാത്തതായി പ്പോയി എന്ന് ഏകകണ്ഠമായി സിന്‍ഡിക്കേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.