കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടി രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയെന്ന് പ്രിയ വര്‍ഗീസ്. കെ കെ രാഗേഷിന്റെ ഭാര്യ ആയത് കൊണ്ടാണ് തന്നെ വേട്ടയാടുന്നത്. പേര് സര്‍വ്വകലാശാല നിയമന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടത് മുതല്‍ ആരംഭിച്ചതാണ് ഈ രാഷ്ട്രീയ നാടകമെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്കിലൂടെ ആരോപിച്ചു. ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ നീതി നിഷേധത്തിന്റെ ഇര ആണെന്നും പ്രിയ വര്‍ഗീസ് കൂട്ടിചേര്‍ത്തു.
പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായത്. എന്റെ പേര് സര്‍വ്വകലാശാലയുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചതു മുതല്‍ തുടങ്ങുന്നു ഈ രാഷ്ട്രീയനാടകം. കോണ്‍ഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി. സി. ക്ക് പരാതി കൊടുക്കുന്നു. കോണ്‍ഗ്രസ്സുകാരും കെ. എസ്. യു ക്കാരും വി. സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റര്‍വ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാന്‍ അഭിമുഖ പരീക്ഷക്ക് ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങള്‍. അന്നത്തെ സമരത്തിലും മാധ്യമ ചര്‍ച്ചകളിലും എല്ലാം പ്രധാന പ്രശ്‌നമായി ഉയര്‍ത്തി കാട്ടിയത് എന്റെ എഫ്. ഡി. പി. ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു.
ഈ പരാമര്‍ശത്തിലെ ആദ്യഭാഗം മാത്രം ചാനലില്‍ വന്നിരുന്നു വായിക്കുകയും തൊട്ടടുത്ത വാചകം മനപ്പൂര്‍വം വായിക്കാതിരിക്കുകയും ചെയ്യുന്നവരുടെ താല്പര്യം വ്യക്തമാണ്.രണ്ടാം വാചകത്തില്‍ പരാമര്‍ശിക്കുന്നതു പോലെ സജീവ സേവനത്തില്‍ ഇരുന്നുകൊണ്ട് ലീവ് ഒന്നും എടുക്കാതെ നടത്തുന്ന പി. എച്. ഡി ഗവേഷണം എഫ്. ഡി. പി മാത്രമാണ്. റെഗുലേഷനില്‍ തുടര്‍ന്ന് പരാമര്‍ശിക്കുന്ന, ഒരു സമയം,സ്ഥാപനത്തിലെ 20%അധ്യാപക ജീവനക്കാര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്. ഡി. പി. തന്നെ. ഈ കാര്യങ്ങള്‍ ഭാഷാ പരിജ്ഞാനമുള്ള ആര്‍ക്കും വായിച്ചാല്‍ മനസ്സിലാവുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ. കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയില്‍ സര്‍വ്വകലാശാലയില്‍ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോള്‍ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു.