IndiaNEWS

സൂപ്പര്‍ വാസുകി: അഞ്ച് ചരക്ക് തീവണ്ടികള്‍ ഒന്നിച്ചുചേര്‍ന്ന ഭീമന്‍; ഇന്ത്യന്‍ റെയില്‍വേയുടെ ഭാവി സൂപ്പര്‍മാന്‍!

മുംബൈ: രാജ്യത്തിന്റെ ചരക്കുനീക്കമേഖലയില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള ഒരു പരീക്ഷണയോട്ടം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരു താപവൈദ്യുതി നിലയത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ കല്‍ക്കരി മുഴുവന്‍ ഒറ്റത്തവണ എത്തിക്കാന്‍ ശേഷിയുള്ള വമ്പന്‍ ചരക്ക് തീവണ്ടി ഓടിച്ചുകൊണ്ടായിരുന്നു ഈ പരീക്ഷണ ഓട്ടം.

ഇന്ത്യയുടെ ഭാവി സൂപ്പര്‍മാന്‍ എന്നു വിശേഷിപ്പിക്കാനാകും വിധം സവിശേഷതകള്‍ നിറഞ്ഞതാണ് സൂപ്പര്‍ വാസുകി എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഒരു ചരക്ക് തീവണ്ടിക്ക് വഹിക്കാനാവുന്നതിന്റെ മൂന്നിരട്ടി ചരക്കുകള്‍ കയറ്റാന്‍ കഴിയും എന്നതാണ് സൂപ്പര്‍ വാസുകിയുടെ പ്രധാന സവിശേഷത. സ്വാതന്ത്ര്യദിനത്തില്‍ കന്നിയോട്ടത്തിനിറങ്ങിയ ഈ പെരുവയറന്‍ ചരക്കുതീവണ്ടിയുടെ നീളം 3.5 കിലോമീറ്റര്‍ ആണ്.

Signature-ad

അഞ്ച് ചരക്കുതീവണ്ടികളുടെ ബോഗികള്‍ ഒന്നിച്ചു ചേര്‍ത്താണ് സൂപ്പര്‍ വാസുകി തയ്യാറാക്കിയത്. ആറ് ലോക്കോകളും 295 വാഗണുകളുമുണ്ട് സൂപ്പര്‍ വാസുകിക്ക്. 27,000 ടണ്‍ കല്‍ക്കരിയാണ് പരീക്ഷണ ഓട്ടത്തില്‍ വാസുകി വഹിച്ചത്. ഈ കല്‍ക്കരി കൊണ്ട് ഒരു ദിവസം 3000 മെഗാവാട്ട് പവര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുമെന്ന് പറയുന്നു. ഇന്ന് ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ളവയില്‍ ഏറ്റവും നീളം കൂടിയതും ഏറ്റവും ഭാരം വഹിക്കാന്‍ കഴിയുന്നതുമായ ട്രെയിനാണ് വാസുകി.

ആഗസ്റ്റ് 15 -ന് ഉച്ചയ്ക്ക് 1.50 -ന് ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് നാഗ്പൂരിലെ രാജ്‌നന്ദ്ഗാവ് വരെയാണ് വാസുകി പരീക്ഷണ ഓട്ടം നടത്തിയത്. 267 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 11.20 മണിക്കൂര്‍ ആണ് വേണ്ടിവന്നത്. ഒരു സ്റ്റേഷന്‍ പിന്നിടാന്‍ നാല് മിനിറ്റാണ് ഈ ഭീമന് വേണ്ടിവന്നത്.

ഒറ്റയാത്രയില്‍ 27,000 ടണ്‍ വരെ വഹിക്കാന്‍ സൂപ്പര്‍ വാസുകിയ്ക്കാകും. ആറ് എന്‍ജിനുകളാണ് ഭീമന്‍ ട്രെയിന് കുതിപ്പേകാന്‍ ഒപ്പമുള്ളത്. 3000 മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റിന് ഒരു ദിവസം ആവശ്യമുള്ള കല്‍ക്കരി ഒറ്റത്തവണ യാത്രയില്‍ സൂപ്പര്‍ വാസുകിയ്ക്ക് എത്തിക്കാനാകും. 9,000 ടണ്‍ കല്‍ക്കരിയാണ് നിലവില്‍ ഇന്ത്യയിലെ ഒരു തീവണ്ടിക്ക് പരമാവധി എത്തിക്കാനാവുക. ഇതിന്റെ മൂന്നിരട്ടി സൂപ്പര്‍ വാസുകി എത്തിക്കും. ഇത്തരം ചരക്കുതീവണ്ടികള്‍ വ്യാപകമായി ഉപയോഗിക്കാനുള്ള ആലോചനയിലാണ് റെയില്‍വേ.

പവര്‍ സ്റ്റേഷനുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമുണ്ടാതിരിക്കാന്‍ ഇത് സഹായകമാകുമെന്നാണ് റെയിവേയുടെ കണക്കുകൂട്ടല്‍. ‘2022 ഓഗസ്റ്റ് 15 -ന്, അമൃത് കാലിന് തുടക്കം കുറിച്ചു കൊണ്ട്, ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി എസ്ഇസിആര്‍ സൂപ്പര്‍ വാസുകി എന്ന പേരില്‍ ട്രെയിന്‍ ദീര്‍ഘദൂര യാത്ര നടത്തി’ എന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സൂപ്പര്‍ വാസുകിയുടെ കന്നിയോട്ടത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

 

Back to top button
error: