സുൽത്താൻ ബത്തേരിക്കടുത്ത് മന്തണ്ടിക്കുന്നിലെ വീട്ടില്‍ നിന്നും
90 പവൻ സ്വർണവും 40,000 രൂപയും മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. ഉത്സവ പറമ്പുകളിൽ കച്ചവടം നടത്തുകയും ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തുകയും ചെയ്യുന്ന കോഴിക്കോട് മുണ്ടിക്കല്‍ തഴെ തൊട്ടയില്‍ ബുള്ളറ്റ് സാലു, ബാബു എന്നിങ്ങനെ വിളിപേരുള്ള മുഹമ്മദ് സാലു (41) ആണ് അറസ്റ്റിലായത്. മന്തണ്ടിക്കുന്ന് ഗ്രിഷ്മം ശിവദാസൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്ക്വാഡും, ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുള്‍ ഷെരീഫ്, സി.ഐ കെ ബെന്നി, എസ്.ഐ റോയി, പടിഞ്ഞാറത്തറ എസ്.ഐ ഇ കെ അബൂബക്കർ എന്നിവരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ആഗസ്റ്റ് 2 ന് വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സാലു തമിഴ്നാട്ടിലാണ് സ്ഥിരതാമസം. മോഷണശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ പ്രതി മോഷണമുതലുകള്‍ അവിടെയാണ് വില്‍ക്കുന്നത്. പോലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഇന്നലെയാണ് പ്രതി വലയിലായത്.
ഉത്സവ പറമ്പുകളിലും മറ്റും കച്ചവടക്കാരനായി നടക്കുന്ന ഇയാൾ ഒറ്റപ്പെട്ട വീടുകളും മറ്റും നോക്കി വെച്ച് കവര്‍ച്ച നടത്തുകയാണ് പതിവ്. പ്രതി കോഴിക്കോട് ജില്ലയിലും മറ്റും പല കളവുകേസുകളിലും പ്രതിയാണ്. അറസ്റ്റ് ചെയ്ത മുഹമ്മദ് സാലുവിനെ കോടതിയില്‍ ഹാജരാക്കി.
ശിവദാസനും കുടുംബാംഗങ്ങളും പെരിന്തല്‍മണ്ണയിലുള്ള ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട് പൂട്ടിപോയതായിരുന്നു. തുടര്‍ന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നനിലയില്‍ കണ്ടത്. പിന്നീട് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ബെഡ്റൂമുകളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടുണ്ടന്നും മനസിലായത്. വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്.