സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡൻ എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നും പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.
പീഡന ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ട് ആണ് കോടതിയിൽ സമർപ്പിച്ചത്. സോളാർ കേസ് പ്രതി നൽകിയ പരാതിയിലാണ് ഹൈബി ഈഡനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.