കൊച്ചി: സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെ ആണ് നടപടി.
ഒരു വര്‍ഷം മുന്‍പ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണം അവസാനിക്കാത്തതിനാല്‍ സ്ഥലം മാറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നു. 10 ദിവസത്തിനകം ചെന്നൈയില്‍ സോണല്‍ ഓഫിസില്‍ ജോയിന്റ് ചെയ്യാനാണ് ഇഡിയുടെ പുതിയ നിര്‍ദ്ദേശം. തുടര്‍ന്ന് ഇദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. അന്വേഷണം നിര്‍ണ്ണയക ഘട്ടത്തില്‍ എത്തി നില്‍ക്കെ ഉദ്യോഗസ്ഥനോട് ഉടന്‍ സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ചതിന് പിറകില്‍ കേരളത്തില്‍നിന്നുള്ള എതിര്‍പ്പും കാരണമായെന്നണ് സൂചന.
സ്വപ്നയുടെ രഹസ്യമൊഴി വന്നിട്ടും ജോയിന്റ് ഡയറക്ടര്‍ കാര്യമായ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് സ്വപ്നയുടെ അഭിഭാഷകര്‍ക്കടക്കം പരാതിയുണ്ടായിരുന്നു. മാത്രമല്ല കേരളത്തില്‍ നിന്ന് കേസ് ബംഗലുരുവിലേക്ക് മാറ്റാനുള്ള നീക്കം പി രാധാകൃഷ്ണന് നടത്തിയത് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍പോലും അറിയാതെയാണ്. ഇതും പെട്ടെന്നുള്ള സ്ഥാനമാറ്റത്തിന് കാരണമായി എന്നാണറിയുന്നത്.
സ്വപ്ന സുരേഷ് കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് ഇഡിയ്ക്കെതിരെ കേസ് എടുത്തിരുന്നു. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പി രാധാകൃഷ്ണന് പകരം ഈ ആഴ്ചതന്നെ പുതിയ ഉദ്യോഗസ്ഥനെ നിശ്ചയിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിക്കുന്നത്.