ബംഗളൂരു: ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ക്ക് 20 ശതമാനത്തിലധികം അധിക ചാർജ്ജുമായി കര്‍ണാടക ആര്‍ ടി സി.
പ്രീമിയം ഡീലക്സ് ബസുകള്‍ക്കാണ് അധിക ചാര്‍ജ് ഈടാക്കുക. സെപ്റ്റംബര്‍ രണ്ട് മുതല്‍ 12 വരെയാണ് ഓണത്തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുകള്‍ നടത്തുന്നത്. എന്നാല്‍, കേരളത്തിലേക്കുള്ള പതിവ് സര്‍വീസുകളില്‍ അധിക നിരക്ക് ഈടാക്കില്ലെന്നും കര്‍ണാടക ആര്‍ ടി സി അറിയിച്ചു.
അതേസമയം, സ്വാതന്ത്ര്യദിനം പ്രമാണിച്ച് കേരളത്തില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കായും കര്‍ണാടക ആര്‍ ടി സി പ്രത്യേക ബസ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.ഓഗസ്റ്റ് 12 മുതല്‍ 15 വരെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്.
പതിവു സര്‍വീസുകള്‍ക്കു പുറമെ 19 അധിക സര്‍വ്വീസ് കൂടിയാണ് ആരംഭിച്ചിരിക്കുന്നത്. ഈ സര്‍വ്വീസുകള്‍ക്ക് പ്രത്യേക ഓഫറും കര്‍ണാടക ആര്‍ടിസി നല്‍കുന്നുണ്ട്. നാല് പേരോ അതില്‍ കൂടുതലോ യാത്രക്കാര്‍ ഒന്നിച്ചു ഒരൊറ്റ ടിക്കറ്റായി ബുക്ക് ചെയ്താല്‍ ടിക്കറ്റ് തുകയില്‍ അഞ്ച് ശതമാനം ഇളവാണ് നല്‍കുന്നത്. ഒപ്പം മടക്കയാത്ര ടിക്കറ്റ് കൂടെ ബുക്ക് ചെയ്താല്‍ 10 ശതമാനം ഇളവും ലഭിക്കും.