കോഴിക്കോട്: ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പിഡബ്ല്യുഡിക്ക് കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാന്‍ സന്നദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എന്നാല്‍ ഇതിന് ആവശ്യമായ ഫണ്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാന്‍ എന്‍എച്ച്എഐക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. നേരത്തെ ആലപ്പുഴയില്‍ സമാനമായ രീതിയില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ക്കശ നടപടിയെടുക്കുമെന്നും റിയാസ് പറഞ്ഞു.
അതേസമയം മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണി പുതിയ കരാര്‍ കമ്പനിയെ ഏല്‍പ്പിക്കുമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു. ഈ മാസം 25ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കും. 60 കോടി രൂപയുടെ കരാറാണ് നല്‍കുക. പുതിയ കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം സെപ്തംബറില്‍ തുടങ്ങും. നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയില്‍ നിന്ന് 75 കോടി രൂപ പിഴ ഈടാക്കും. അറ്റകുറ്റപ്പണി നടത്താന്‍ ജൂണില്‍ നിര്‍ദേശിച്ചിട്ടും കമ്പനി നടപടിയെടുത്തില്ല. അതിനാലാണ് കരാര്‍ റദ്ദാക്കിയതെന്നും അതോറിറ്റി വ്യക്തമാക്കി.