KeralaNEWS

ഇഡി അടക്കമുള്ള ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി. രാഷ്ടീയ എതിരാളികളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നു: കെസി വേണുഗോപാല്‍

തിരുവനന്തപുരം: സ്വന്തം ആലയിൽ സ്വാതന്ത്ര്യ സമര സേനാനികളെ തിരഞ്ഞാൽ സംഘത്തിനും സംഘപരിവാറിനും ഒരാളെ പോലും കാണാനാകില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കോൺഗ്രസിന്റെ നവ സങ്കൽപ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിവർണ പതാക കണ്ടാൽ ഹാലിളകിയിരുന്നവരാണ് ഇപ്പോൾ ത്രിവർണ പതാക ഉയർത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ കപട ദേശീയതയിലൂടെ വിഭജിക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ഇ ഡി അടക്കമുള്ള ഏജൻസികളെ രാഷ്ടീയ എതിരാളികളുടെ വായടപ്പിക്കാൻ ഉപയോഗിക്കുകയാണ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും അടക്കം നടത്താൻ രാജ്യത്ത് ഒന്നോ രണ്ടോ കോർപ്പറേറ്റുകൾ മതിയോ എന്നും അദ്ദേഹം ചോദിച്ചു.

Signature-ad

ഏകാധിപതികൾക്കെല്ലാം കറുപ്പിനോട് അലർജിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കറുപ്പ് ധരിച്ചാൽ ബ്ലാക്ക് മാജിക് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. കേരളത്തിലും കണ്ടു കറുപ്പിനോടുള്ള എതിർപ്പ്. കറുപ്പ് ധരിച്ചവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായി ഉയർന്ന കരിങ്കൊടി പ്രതിഷേധങ്ങളെ പരാമർശിച്ച് കൊണ്ട് പറഞ്ഞു.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിമർശനങ്ങൾക്ക് കെ സി വേണുഗോപാൽ മറുപടി നൽകി. ഇന്ന് വരെ ദേശീയ പതാക ഉയർത്താത്തവരാണ് കോൺഗ്രസിനെ വിമർശിക്കുന്നത്. ഓഗസ്റ്റ് 9 മുതൽ ഇന്ത്യയിൽ എമ്പാടും കോൺഗ്രസ് ദേശീയ പതാക ഉയർത്തി കൊണ്ടിരിക്കുകയാണ്. ദേശ സ്നേഹത്തിന് കെ സുരേന്ദ്രന്റെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമില്ല. മരിക്കുന്നത് വരെ ത്രിവർണ്ണ പതാക പിടിക്കാൻ തീരുമാനിച്ചവരാണ് കോൺഗ്രസുകാർ എന്നും കെ സി വേണുഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

Back to top button
error: