PravasiTRENDING

യു.എ.ഇയില്‍ വീണ്ടും പ്രളയഭീതി; വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: ഡാമുകളിലെ അധികജലം തുറന്നുവിട്ടു

അബുദാബി: യുഎഇയില്‍ വരുംദിവസങ്ങളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ നിറഞ്ഞുനിന്നിരുന്ന ഡാമുകളിലെ അധികജലം തുറന്നുവിട്ടു.

കിഴക്ക് ദിക്കില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം രാജ്യത്ത് എത്തുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി 14നും 17നും ഇടയില്‍ കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ താപനിലയും ഉയരുകയാണ്.

Signature-ad

സമീപഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ജലം സംഭരിക്കാന്‍ ഡാമുകളെ തയ്യാറാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വുറായ, ഷൗഖ, ബുറാഖ്, സിഫ്നി, അല്‍ അജിലി, അസ് വാനി 1, മംദൗ എന്നീ അണക്കെട്ടുകളാണ് തുറന്നത്. വാദികളിലും താഴ് വാരങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ഈ മേഖലകളിലെ താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ആഴ്ചകളിലുണ്ടായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. ഏഴ് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചത്. ഷാര്‍ജയിലും ഫുജൈറയിലും കുടുങ്ങിയ 870 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 150 പേരെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായ രീതിയില്‍ ഹോട്ടലുകളിലേക്കും മറ്റ് താമസ സൗകര്യങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. മലയാളികളടക്കമുള്ള പ്രവാസികളും വെള്ളപ്പൊക്കത്തില്‍ ഏറെ വലഞ്ഞിരുന്നു.

 

Back to top button
error: