IndiaNEWS

ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ സിപിഎം ഭാഗമാകില്ല, പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് യെച്ചൂരി

ദില്ലി: ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ സിപിഎം ഭാഗമാകില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മറ്റ് ഇടത് പാര്‍ട്ടികളെ പോലെ സിപിഎം, മഹാസഖ്യ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കും. ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ രാജ്യത്തിനാകെ പ്രതീക്ഷയാണെന്നും 2024ല്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

ബിഹാറില്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ഓഗസ്റ്റ് 15-ന് ശേഷമാകും മന്ത്രിസഭാ രൂപീകരണം ഉണ്ടാകുക. തേജസ്വി യാദവിനൊപ്പം സഹോദരന്‍ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം.

Signature-ad

ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ഇതിനുള്ള കരുനീക്കങ്ങളാണ് തേജസ്വി യാദവ് നടത്തുന്നത്. ആര്‍ജെഡിയില്‍ നിന്ന് 18 മന്ത്രിമാരും ജെഡിയുവില്‍ നിന്ന് 13-14 മന്ത്രിമാരും ആയിരിക്കും സര്‍ക്കാരിലുണ്ടാവുക. കോണ്‍ഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരു മന്ത്രി സ്ഥാനവുമാകും ലഭിക്കുക.

12 എംഎല്‍എമാരുള്ള പ്രധാന ഇടത് പാര്‍ട്ടിയായ സിപിഐ എംഎല്‍ പുതിയ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സിപിഐ എംഎല്‍ മന്ത്രിസഭയില്‍ വേണമെന്ന നിലപാടാണ് ജെഡിയുവിന്. എന്നാല്‍ മഹാസഖ്യ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണച്ചാല്‍ മതിയെന്ന നിലപാടാണ് സിപിഐ എംഎല്‍, സിപിഐ, സിപിഎം എന്നീ ഇടത് പാര്‍ട്ടികള്‍ക്കുള്ളത്. മന്ത്രിസഭയില്‍ ചേരണോയെന്ന കാര്യത്തില്‍ നാളെ ചേരുന്ന സിപിഐ എംഎല്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗം അന്തിമ തീരുമാനമെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: