LocalNEWS

മോഷണ പരമ്പര, ഇന്ന് ഓടനാവട്ടത്ത് വീട്ടില്‍ നിന്ന് 47000 രൂപയും 10 പവനും, അഞ്ചലിലെ വീട്ടമ്മയുടെ സ്വര്‍ണമാലയും പണവും മോഷ്ടിച്ചു

കൊട്ടാരക്കര: ഓടനാവട്ടം പരുത്തിയറയില്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ 47000 രൂപയും 10 പവന്‍ സ്വര്‍ണവും അപഹരിച്ചു. ഓടനാവട്ടം, പരുത്തിയറ, സ്വദേശി പൗലോസിന്റെ ജെ.കെ.സി വില്ലയിലാണ് മോഷണം നടന്നത്. സുഹൃത്തിനെ എയര്‍ പോര്‍ട്ടില്‍ കൊണ്ടുവിടുന്നതിനായി വ്യാഴാഴ്ച വെളുപ്പിന് 1.30ന് പൗലോസ് വീടിന്റെ മുന്‍വാതിലും പിന്‍വാതിലും പൂട്ടിയിട്ടാണ് പോയത്. ഇയാള്‍ വെളുപ്പിന് 6 മണിയോടെ തിരികെ എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു.
ഉടന്‍തന്നെ പൗലോസ് സമീപത്തെ ബന്ധുവിനെ വിളിച്ചുവരുത്തിയ ശേഷം പൂയപ്പള്ളി പോലീസില്‍ വിവരം അറിയിച്ചു. മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് അലമാരയില്‍ നിന്ന് സ്വര്‍ണവും അതിനുള്ളിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിദേശത്തായി രണ്ട് മക്കള്‍ ജോലി ചെയ്യുന്നതിനാല്‍ പൗലോസ് ഒറ്റയ്ക്കാണ് വീട്ടില്‍ കഴിയുന്നത്. പോലീസ് സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മോഷ്ടാക്കള്‍ എത്തിയതായി സംശയിക്കുന്ന കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അഞ്ചല്‍ അഗസ്ത്യക്കോട് കുശിനിമുക്കില്‍ ചായക്കട നടത്തി വന്ന കമലമ്മയുടെ മൂന്നര പവന്റെ സ്വര്‍ണമാലയും 5000 രൂപയും അടങ്ങുന്ന പേഴ്‌സും മോഷ്ടാക്കള്‍ അപഹരിച്ചു. എല്ലാ ദിവസവും രാവിലെ അഞ്ചുമണിയോടുകൂടി തുറന്നു പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ രാവിലെ ചായ കുടിക്കാന്‍ എന്ന വ്യാജേന കടയില്‍ എത്തിയ മോഷ്ടാവ് ആണ് സ്വര്‍ണമാലയും 5000 രൂപയും അടങ്ങിയ പേഴ്‌സ് കവര്‍ന്ന് കടന്നുകളഞ്ഞത്.
ഒറ്റയ്ക്കു താമസിക്കുന്ന കമലമ്മ ജീവിതം പുലർത്തുന്നത് ഈ ചെറിയ ചായക്കട നടത്തി കിട്ടുന്ന വരുമാനത്തില്‍ നിന്നുമാണ്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയുള്ളതായിരുന്നു പേഴ്‌സില്‍ ഉണ്ടായിരുന്ന പൈസ. മോഷ്ടാക്കളെ പേടിച്ച് സ്വര്‍ണമാല വീട്ടില്‍ വെച്ച്തന്നെ ഊരി പേഴ്‌സില്‍ വച്ചു കൊണ്ടാണ് കമലമ്മ കടയിലെത്തുന്നത്. എന്നാല്‍ ഇന്ന് രാവിലെ ആറു മണിയോടുകൂടി പേഴ്‌സ് തുറന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി.

Back to top button
error: