കഴിഞ്ഞ ദിവസം (09.08.2022, ചൊവ്വ) യാത്രയിൽ കണ്ട ഒരു സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. തൃശ്ശൂരേക്കുള്ള യാത്രയിൽ
മംഗലാപുരം – ചെന്നൈ മെയിലിൽ വന്നു കുറ്റിപ്പുറം സ്റ്റേഷനിൽ ഇറങ്ങി, ബസ് സ്റ്റാൻഡിൽ എത്തി. സമയം വൈകുന്നേരം 6.35. നോക്കിയപ്പോൾ തൃശ്ശൂർ ഭാഗത്തേക്ക് ഒരു സ്വകാര്യ ബസും KSRTC Super Fast ഉം കിടക്കുന്നു. പതിവുപോലെ KSRTC യിൽ കയറി. തലശ്ശേരി – തിരുവല്ല SF (RSK 577 – തലശ്ശേരി ഡിപ്പോ) സർവീസ് ആണ്. ഒരു പതിനഞ്ചോളം സീറ്റുകൾ ഒഴിവുണ്ടാകും.
ട്രെയിൻ വന്നതേയുള്ളു എന്ന് കണ്ടക്ടറോട് ഒന്നു സൂചിപ്പിച്ചു.
കേട്ടപ്പോൾത്തന്നെ അദ്ദേഹം ഡോറിന്റെ അടുത്ത് ചെന്നുനിന്ന് ആളുകളെ വിളിക്കാൻ തുടങ്ങി.
തൊട്ടടുത്തുള്ള സ്വകാര്യ ബസുകാരും ആളുകളെ വിളിക്കുന്നുണ്ട്. പക്ഷേ കൂടുതൽ ആളുകളും KSRTC യിലേക്കാണ് എത്തിയത്.
ഇതുകാണുന്ന സ്വകാര്യ ബസുകാർ “അത് ഡീസൽ തീർന്നു വഴിയിൽ കിടക്കും”, “മതിയായില്ലേ, പൊയ്ക്കൂടേ”, “ശമ്പളം കിട്ടുന്നുണ്ടല്ലോ അല്ലേ”, “ഉണ്ടാക്കിക്കൊടുത്തിട്ട് എന്തങ്കിലും കാര്യം ഉണ്ടോ” എന്നൊക്കെ വിളിച്ചുപറഞ്ഞു കണ്ടക്ടറെ മാനസികമായി തളർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
(ഒരു ദുഃഖകരമായ കാര്യം എന്തെന്നാൽ, ഇത്ര പരസ്യമായി സ്വകാര്യബസുകാർ KSRTC യെ കളിയാക്കുന്നത് കഴിഞ്ഞ 5-6 വർഷത്തിനിടയിൽ കണ്ടിട്ടേയില്ല…!!)
പക്ഷേ ഇതൊന്നും വകവെയ്കാതെ “ഞങ്ങളും നിങ്ങളെപ്പോലെ തന്നെയാണ്” എന്ന് പറഞ്ഞുകൊണ്ട് കണ്ടക്ടർ ആളുകളെ വിളിച്ചു കയറ്റിക്കൊണ്ടിരുന്നു. ഡ്രൈവർ ക്ഷമയോടെ കാത്തിരിക്കുന്നു.
ഒരു 6 മിനിറ്റ് എങ്കിലും അവിടെ ഇട്ടുകാണും. പത്തോളം സ്റ്റാൻഡിങ്ങും ആയാണ് ബസ് കുറ്റിപ്പുറം വിട്ടത്.
ഒരു സാധാരണ യാത്രക്കാരൻ എന്ന നിലയിൽ വളരെ സന്തോഷവും അഭിമാനവും തോന്നിയ ഒരു അനുഭവം ആയിരുന്നു ഇത്. പല പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും തങ്ങളുടെ സ്ഥാപനത്തോട് തികഞ്ഞ ആത്മാർത്ഥത കാണിക്കുന്ന തലശ്ശേരി ഡിപ്പോയിലെ ഈ കണ്ടക്ടറും ഡ്രൈവറും (ഇതേ രീതിയിൽ ആത്മാർത്ഥമായി അധ്വാനിക്കുന്ന മറ്റു ജീവനക്കാരും) തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
കാരണം, ഇത് വളരെ അപൂർവമായി മാത്രം കാണാറുള്ള ഒരു കാഴ്ചയാണ്.
ഇത്തരം ജീവനക്കാരാണ് KSRTC യുടെ ശക്തിയും ഊർജ്ജവും. ഇവരുടെ ആത്മാർത്ഥതയും മനോവീര്യവും ചോരാതെ മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
(ഒരു യാത്രക്കാരൻ ഫേയ്സ്ബുക്കിൽ കുറിച്ചത്)