രാജ്യസ്നേഹം പ്രകടിപ്പിക്കാൻ പലരും ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. മറ്റ് ചിലർ ബാഡ്ജുകള്‍ കുത്തുന്നതും ഈ ദിവസത്തെ സ്ഥിരം കാഴ്ചയാണ്. ശരീര ഭാഗങ്ങളിൽ ത്രിവര്‍ണ പതാക ടാറ്റു ചെയ്യുന്നതും മുമ്പൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഈ സ്വാതന്ത്ര്യദിനത്തിന് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായി ഒരു കലാകാരന് ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം.
സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് തന്റെ കണ്ണിലെ നേത്രപടലത്തില്‍ ദേശീയ പതാക വരച്ചിരിക്കുകയാണ്. യുഎംടി രാജ എന്നയാളാണ് രാജ്യസ്നേഹത്തിന്റെ ഭാഗമായി തന്റെ വലത് കണ്ണില്‍ ഇത്തരത്തിലൊരു സാഹസികത ചെയ്തത്. കേള്ക്കുംപോള് അത്ഭുതവും പേടിയുമായിരിക്കും പലര്‍ക്കും തോന്നുന്നത്. മെഴുകിന്റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ തന്റെ കണ്ണിനുള്ളില്‍ ത്രിവര്‍ണ പതാക വരച്ചത്.
കണ്ണാടിയില്‍ നോക്കിയാണ് താന്‍ പെയിന്റിംഗ് പൂര്‍ത്തിയാക്കിയതെന്ന് രാജ പറയുന്നു. കണ്ണാടിയില്‍ തന്റെ നോട്ടം ഉറപ്പിക്കാന്‍ പ്രയാസമായെത് കാരണം 16 തവണ ശ്രമിച്ചിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിലെ ഏറ്റവും ലോലമായ ഭാഗമാണ് കണ്ണ്. അതുകൊണ്ട് ഇത് ആരും അനുകരിക്കരുതെന്ന് യുഎംടി രാജ മുന്നറിയിപ്പു നൽകുന്നു.