പി ടി തോമസ് ചെയ്തത് ശരിയായില്ല, എറണാകുളം പ്രസ് ക്ലബ്ബിലെ വാർത്താസമ്മേളനത്തിലെ പെരുമാറ്റത്തെ വിമർശിച്ച് പത്രപ്രവർത്തക യൂണിയൻ പ്രസിഡണ്ട്
കെ പി റെജിയുടെ ഫേസ്ബുക് പോസ്റ്റ് –
എറണാകുളം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിനിടെയുണ്ടായ അനിഷ്ടകരമായ അന്തരീക്ഷം അങ്ങേയറ്റം അപലപനീയമാണ്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളും ഏറെക്കാലം പാർട്ടി പത്രത്തിന്റെ നടത്തിപ്പുകാരനുമായിരുന്ന പി.ടി തോമസിനെപ്പോലൊരാൾ ഇത്തരമൊരു സംഭവത്തിൽ വില്ലൻ വേഷക്കാരനായി എന്നതാണ് ഏറെ ഖേദകരം.
എതിർ പാർട്ടി പത്രത്തിന്റെയോ വിമർശിക്കുന്ന പത്രത്തിന്റെയോ പ്രതിനിധിയായാലും മാധ്യമപ്രവർത്തകരോടു മാന്യമായി പെരുമാറുക എന്നത് ഏതു രാഷ്ട്രീയ നേതാവും അവശ്യം കാണിക്കേണ്ട മര്യാദയാണ്. പക്ഷേ, നമ്മുടെ പല നേതാക്കളും ആ മര്യാദ കൈവിട്ടുകളയുകയാണ്. ഇൗ നയത്തിൽ അവർക്ക് കക്ഷിഭേദമില്ല. ഏറ്റവും ദൗർഭാഗ്യകരമായ വശവും അതുതന്നെ.
ഏത് ഉന്നതന്റെയും വാർത്തസമ്മേളനം ചോദ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയാണ്. അവയെല്ലാം സുഖിപ്പിക്കുന്ന മട്ടിൽ ആയിരിക്കണമെന്ന ശാഠ്യം ഒരു നേതാവും വെച്ചു പുലർത്തേണ്ടതില്ല. അലോസരമുണ്ടാക്കുന്ന ചോദ്യങ്ങളോടും മാന്യമായി പ്രതികരിച്ചാൽ ഉയരുന്നത് നേതാവിന്റെ ഗ്രാഫ് ആയിരിക്കും. ആര്, എത്ര ചീത്ത വിളിച്ചാലും അടക്കി നിർത്താൻ കഴിയുന്നതല്ല മാധ്യമപ്രവർത്തകന്റെ ശബ്ദം.