ദില്ലി: നിതീഷ് കുമാറിന്റെ വരവ് വിശാല പ്രതിപക്ഷ സഖ്യത്തിന് കരുത്ത് പകരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിയുടെ ഏകാധിപത്യ നയത്തിന് ഏറ്റ തിരിച്ചടിയാണ് നിതീഷിന്റെ രാജിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യമില്ലാത്തിടത്ത് എത്ര നാൾ ഒരു രാഷ്ട്രീയ കക്ഷിക്ക് നിലനിൽക്കാനാകുമെന്ന് ചോദിച്ച കെ സി വേണുഗോപാൽ, കോൺഗ്രസിന് മന്ത്രി സ്ഥാനം അടക്കം ചർച്ച നടക്കുകയാണെന്നും അറിയിച്ചു.
ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ആര്‍ജെഡിയുടെയും കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ നിതീഷിന്റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഉടന്‍ അധികാരത്തിലെത്തും എന്നാണ് വിവരം. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ബിഹാര്‍ ജനത നിതീഷിന് മാപ്പ് കൊടുക്കില്ലെന്ന് ബിജെപി തിരിച്ചടിച്ചു.
ഒരു വര്‍ഷവും ഒന്‍പത് മാസവും മാത്രം പ്രായമായ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ വീണത് ബിജെപിക്ക് വന്‍ ആഘാതമാണ് സൃഷ്ടിച്ചത്. അധികാരമേറ്റത് മുതല്‍ ബിജെപിയുമായുള്ള കലഹം നിതീഷ് കുമാറിനെ ഒടുവില്‍ ആ കടുത്ത തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. രാവിലെ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ഇനി ബിജെപിയുമായി ഒത്തുപോകാനാകില്ലെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ഏത് നിമിഷവും പാര്‍ട്ടി ശിഥിലമാകാമെന്ന് എംഎല്‍എമാരും മുന്നറിയിപ്പ് നല്കി. ഇതേസമയം ആര്‍ജെഡിയും കോണ്‍ഗ്രസും യോഗം ചേര്‍ന്ന് നിതീഷ് കുമാറിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഒപ്പം നില്‍ക്കുമെന്ന കത്തും കൈമാറി. നിതീഷ് കുമാറും തേജസ്വിയാദവും സംസാരിച്ച് നാല് മണിക്ക് ഗവര്‍ണ്ണറെ കാണാന്‍ തീരുമാനിച്ചു. ബിജെപി ഒഴികെ മറ്റ് എല്ലാ കക്ഷികളും പിന്തുണ അറിയിച്ചു. അങ്ങനെ 160 എംഎല്‍എമാര്‍ പിന്തുണച്ച കത്തുമായി ഗവര്‍ണ്ണര്‍ ഫാഗു ചൗഹാനെ കണ്ട നിതീഷ് കുമാര്‍ രാജി തീരുമാനമറിയിച്ചു. തീരുമാനത്തെ പാര്‍ട്ടി ഒന്നടങ്കം പിന്തുണച്ചെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു.
കേവല ഭൂരിപക്ഷമായ 122 എന്ന സംഖ്യയെ നിഷ്പ്രയാസം മറിടകന്ന നിതീഷ് കുമാര്‍ നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് വിവരം. തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസും മന്ത്രിസഭയുടെ ഭാഗമാകും. ഇടത് പാര്‍ട്ടികളേയും ചെറുകക്ഷികളേയും പരിഗണിക്കുമെന്നാണ് സൂചന. നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവും നടത്തിയ ബിജെപിക്കുണ്ടായ ക്ഷീണം ചെറുതല്ല. കഴിഞ്ഞ രാത്രി അമിത് ഷാ തന്നെ ഇടപെട്ട് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ആ നീക്കവും പാളി കഴിഞ്ഞ ദിവസം ജെഡിയുവില്‍ നിന്ന് രാജിവച്ച മുന്‍ കേന്ദ്രമന്ത്രി ആര്‍സിപി സിംഗ് വഴി മഹാരാഷ്ട്ര മോഡലില്‍ വിമത നീക്കത്തിന് ബിജെപി ശ്രമിക്കുന്നു എന്ന സൂചന കൂടി കിട്ടിയതോടെയാണ് നിതീഷ് കളം മാറിയത്.