NEWS

അതും കൈവിട്ടു പോയി;ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ കൃത്രിമ ഭ്രൂണം നിര്‍മിച്ച് ഗവേഷകർ

ലോകത്തെ ആദ്യത്തെ കൃത്രിമ ഭ്രൂണം നിര്‍മിക്കുന്നതില്‍ വിജയിച്ച് ഗവേഷകര്‍. ഇതോടെ ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ തന്നെ ഭ്രൂണം സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകം.
ഇസ്രയേലിലെ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് എലികളുടെ മൂല കോശങ്ങളില്‍ നിന്നും ഭ്രൂണം നിര്‍മിക്കുന്നതില്‍ വിജയിച്ചത്. കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവും പരീക്ഷണശാലയില്‍ നിര്‍മിച്ച ഈ കൃത്രിമ ഭ്രൂണത്തിനുണ്ടായിരുന്നു.
ബീജസങ്കലനം നടന്ന ശേഷമല്ല ഇത്തരം ഭ്രൂണങ്ങള്‍ നിര്‍മിക്കപ്പെടുന്നത് എന്നതിനാലാണ് ഇവയെ കൃത്രിമഭ്രൂണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഈ പരീക്ഷണം വഴി ഭ്രൂണങ്ങളിലെ അവയവങ്ങളും കോശങ്ങളും വികസിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ പരീക്ഷണം എലികളിലാണ് നടന്നതെങ്കിലും ഭാവിയില്‍ പരീക്ഷണങ്ങള്‍ക്ക് മൃഗങ്ങള്‍ക്ക് പകരം മൂലകോശങ്ങള്‍ ഉപയോഗിക്കാനാകുമെന്ന സാധ്യത കൂടിയാണ് മുന്നോട്ടുവെക്കുന്നത്.
‘മൂല കോശങ്ങളില്‍ നിന്നും കൃത്രിമ ഭ്രൂണം നിര്‍മിക്കാനാവുമെന്ന് തെളിഞ്ഞിരിക്കുകയാണ്. മറുപിള്ളയും ഭ്രൂണത്തിന് ചുറ്റുമുള്ള സംരക്ഷിത കവചവുമൊക്കെയുള്ള ഭ്രൂണമാണിത്. ഇതിന്റെ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ അത്യന്തം ആവേശത്തിലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ. ജേക്കബ് ഹന്ന പറയുന്നു. സെല്‍ എന്ന ശാസ്ത്രജേണലിലാണ് ഈ ഗവേഷണഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എലികളുടെ ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്ത് കൃത്രിമ വയറിനുള്ളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഇതേ ഗവേഷക സംഘം കഴിഞ്ഞ വര്‍ഷം വിജയിച്ചിരുന്നു. ഇതേ കൃത്രിമ വയറാണ് മൂലകോശത്തില്‍ നിന്നും ഭ്രൂണം വികസിപ്പിക്കാനും ഉപയോഗിച്ചത്. ഒരാഴ്ചയിലേറെ സമയമെടുത്താണ് എലികളുടെ മൂലകോശങ്ങളെ ഭ്രൂണമാക്കി വികസിപ്പിച്ചത്. എലികളുടെ ഗര്‍ഭകാലത്തിന്റെ പകുതിയോളം വരുമിത്.
പരീക്ഷണത്തിനിടെ മൂല കോശങ്ങളില്‍ 0.5 ശതമാനം മാത്രമാണ് ഭ്രൂണമായി വികസിപ്പിക്കാനായത്. ഇതില്‍ അവയവങ്ങളും പുതിയ കോശങ്ങളും ഉണ്ടായി. സാധാരണ എലികളിലെ ഭ്രൂണവുമായി 95 ശതമാനം സാമ്യത പുലര്‍ത്താനും ഈ കൃത്രിമ ഭ്രൂണങ്ങള്‍ക്കായി. ആഭ്യന്തരഘടനയും കോശങ്ങളുടെ ജനിതക വിവരങ്ങളും പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഈ സാമ്യത ഉറപ്പിച്ചത്.
അതേസമയം, ഈ കൃത്രിമ ഭ്രൂണങ്ങള്‍ക്ക് ജീവനുള്ള കുഞ്ഞുങ്ങളായി വികസിക്കാനാവില്ലെന്നും ഹന്ന പറയുന്നുണ്ട്. കുറഞ്ഞപക്ഷം ഭ്രൂണത്തെ എലികളില്‍ നിക്ഷേപിച്ചാല്‍ മാത്രമേ അവ കുഞ്ഞുങ്ങളായി ജനിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ. അതേസമയം മനുഷ്യരിലെ പല അസുഖങ്ങള്‍ക്കുമുള്ള ചികിത്സക്ക് ഇത്തരം കൃത്രിമ ഭ്രൂണങ്ങള്‍ നിര്‍മിക്കുക വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Back to top button
error: