തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സാധാരണക്കാരുടെ ഓര്‍ഡിനറിയാത്ര നടക്കില്ല. ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് ഞായറാഴ്ച സര്‍വീസ് നടത്തേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. നാളെ 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
ഞായറാഴ്ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കും. എണ്ണ കമ്പനികള്‍ക്ക് വന്‍ തുക കുടിശ്ശിക ആയതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യമാകാതെ വന്നതാണ് രൂക്ഷപ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. സംസ്ഥാന വ്യാപകമായി പകുതിയിലധികം ഓര്‍ഡിനറി സര്‍വീസുകളാണ് റദ്ദാക്കിയത്.
കോവിഡിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. അതിനാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ പല റൂട്ടുകളിലും സ്വകാര്യ ബസുകള്‍ ഞായറാഴ്ച ട്രിപ്പ് നടത്താറില്ല. ഡീസല്‍ക്ഷാമത്തിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സികൂടി ട്രിപ്പ് മുടക്കിയാല്‍ ഞായറാഴ്ചത്തെ സാധാരണക്കാരന്റെ യാത്രയ്ക്ക് വന്‍ ചിലവ് വരും. എന്നുമാത്രമല്ല സംസ്ഥാനത്തെ ബസ് യാത്രാ മേഖലയില്‍ ഭാഗിക ഹര്‍ത്താല്‍ പ്രതീതിയുണ്ടാകാനും സാധ്യതയുണ്ട്. ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകളും ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളും മാത്രമാകും ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. നടത്തുക.
135 കോടി രൂപയാണ് എണ്ണ കമ്പനികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കണമെന്ന് എക്‌സിക്യുട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി എംഡി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും പിടിച്ചു നില്‍ക്കാനാകാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത്.
‘കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ ഡീസല്‍ ക്ഷാമം നേരിടുന്നതായി കാണുന്നു. ഇത്തരത്തില്‍ ഡീസല്‍ എത്തുവാന്‍ താമസിക്കുക ഡീസല്‍ ഇല്ലാതെ വരിക എന്നീ സാഹചര്യങ്ങളില്‍ EPB & EPKM അനുസരിച്ച് ഏറ്റവും EPB & EP KM കുറഞ്ഞ ബസ് ആദ്യം എന്ന നിലയില്‍ ക്യാന്‍സല്‍ ചെയ്യണം. യാതൊരു കാരണവശാലും വരുമാനം ലഭിക്കുന്ന എഫ്.പി. അടക്കമുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യരുത് ഇത് സാമ്പത്തീക ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കും എന്ന് ഓര്‍മ്മിക്കുക. ഏതെങ്കിലും സര്‍വ്വീസ് ഇതിന് വിരുദ്ധമായി ക്യാന്‍സല്‍ ചെയ്യുന്നില്ല എന്ന് ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം. വിജിലന്‍സ് വിഭാഗം മേല്‍ പരിശോധന നടത്തി ഇപ്രകാരമാണ് ക്യാന്‍സലേഷന്‍ എന്ന് ഉറപ്പാക്കണം’– എന്നാണ് നിര്‍ദേശം.