പ്രളയത്തിനും പെരുമഴയ്ക്കും ഇടയിൽ സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരുകയാണ്. മൂന്ന് വർഷം കൂടുമ്പോഴാണ് സാധാരണ പാർട്ടി ഘടകങ്ങളുടെ സമ്മേളനങ്ങൾ നടക്കുന്നത്. എന്നാൽ 2018 ലെയും ’19ലെയും പ്രളയവും തുടർന്നു വന്ന കോവിഡ് മഹാമാരിയും മൂലം സമ്മേളനം യഥാസമയം നടന്നില്ല. അങ്ങനെ നീണ്ട ഒരിടഇടവേളയ്ക്കു ശേഷമാണ് സി.പി.ഐ ജില്ലാ സമ്മേളനം നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്.
മൂന്ന് ദിവസങ്ങളിലെ സമ്മേളനമാമാങ്കം ഒരു ദിവസമായി ചുരുക്കണമെന്നാണ് പാർട്ടിയിൽ ചിലരുടെ അഭിപ്രായം. കാരണം പ്രളയവും ഉരുൾപൊട്ടലും മൂലം ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ജില്ലാ സമ്മേളനത്തിനായി സ്വരൂപിച്ച പണം ദുരിതാശ്വാസത്തിനായി ചെലവഴിക്കണമെന്നും
പാർട്ടി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
ഈ സമ്മേളനത്തോടെ പാർട്ടി ജില്ലാ നേതൃത്വത്തിലേയ്ക്ക് പുതിയ ഭാരവാഹികൾ കടന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. 2008 മുതൽ കഴിഞ്ഞ 14 വർഷമായി ജില്ലാ സെക്രട്ടറിയായി തുടരുകയാണ് നിലവിലുള്ള ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാനസ പുത്രനായ ശശിധരന് ഇത്തവണ പക്ഷേ പദവി ഒഴിയേണ്ടിവരും. ഉയർന്നു കേൾക്കുന്നത് അഡ്വ. വി.കെ സന്തോഷ് കുമാറിൻ്റെ പേരാണ്. വൈക്കത്തു നിന്നുള്ള ആർ. സുശീലൻ ജില്ലാ സെക്രട്ടറിയായി വരുമെന്നാണ് ആദ്യം കേട്ടത്. പക്ഷേ ആരോഗ്യസ്ഥിതി മോശമായതിനാൽ സുശീലൻ പിൻ വാങ്ങി. ജോൺ വി ജോസഫ്, ഒ.പി.എ സലാം എന്നിവരെയും പരിഗണിക്കുന്നുണ്ട്. പക്ഷേ ഒടുവിൽ വി.ബി ബിനുവിന് നറുക്ക് വീഴാനും സാധ്യതയുണ്ട്