KeralaNEWS

തിരിമറി ഭയക്കേണ്ട, പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളെയും ആഭരണങ്ങളെയും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കല്‍ സുരക്ഷിതമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളെയും ആഭരണങ്ങളെയും സംബന്ധിച്ച മുഴുവന്‍ രേഖകളും സുപ്രീം കോടതിയില്‍ ഭദ്രമായിരിക്കുമെന്നും രേഖകളില്‍ തിരിമറി നടക്കുമെന്ന ആശങ്ക വേണ്ടെന്നും ജസ്റ്റിസ് എം.ആര്‍. ഷാ. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നടത്തിയ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് കേസിലെ വിവിധ കക്ഷികളുടെ അഭിഭാഷകരെ കാണിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.

പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടത്തിയ കണക്കെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചിന്‍ രാജകുടുംബ പ്രതിനിധികളുടെ ഹര്‍ജി പരിഗണിക്കവേയാന് കോടതിയുടെ പ്രതികരണം.പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച് നേരത്തെ നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. കോടതി നിര്‍ദേശപ്രകാരം, രേഖകള്‍ ഒരു പെട്ടിയിലാക്കിയാണ് ദേവസ്വം ബോര്‍ഡ് കൈമാറിയത്.

എന്നാല്‍ രേഖകള്‍ പലതും മലയാളത്തില്‍ ആയതിനാല്‍ കോടതിക്ക് ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ട് ആകുമെന്ന് കൊച്ചിന്‍ രാജകുടുംബ പ്രതിനിധിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇത് ശരിവച്ച കോടതി, എന്നാല്‍ രേഖകള്‍ എല്ലാം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇനി ഒരു തരത്തിലുള്ള തിരിമറിയും ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ നേതൃത്വത്തില്‍ നടന്ന കണക്കെടുപ്പില്‍ പല രേഖകളും ഹാജരാക്കിയില്ലെന്ന് കൃഷ്ണന്‍ വേണുഗോപാല്‍ ആരോപിച്ചു. ആരോപണങ്ങള്‍ സത്യവാങ്മൂലമായി കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന് രണ്ട് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു.

ഹൈക്കോടതി രജിസ്ട്രാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് രാജകുടുംബം ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല. ഒട്ടേറെ പേജുകള്‍ ഉള്ള റിപ്പോര്‍ട്ട് കൈമാറാന്‍ ആകില്ലെന്നും എന്നാല്‍ അഭിഭാഷകര്‍ക്ക് അത് പരിശോധിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ എം.ആര്‍. ഷാ, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

Back to top button
error: