പാറശ്ശാല: കഞ്ചാവുവില്‍പ്പന വിലക്കിയതിന്റെ പേരില്‍ വീട്ടിലേക്ക് രാത്രിയില്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ഒട്ടേറെ കേസുകളില്‍ പ്രതികളായ രണ്ടുപേരെ പാറശ്ശാല പോലീസ് പിടികൂടി. ഒരാളില്‍നിന്ന് ഇരുപതോളം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പാറശ്ശാലയ്ക്കു സമീപം പാലക്കുഴി ചിറക്കുളം മേഖല കേന്ദ്രീകരിച്ച് കഞ്ചാവുവില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളായ പാലക്കുഴി പുത്തന്‍വീട്ടില്‍ പീലി വിപിന്‍ എന്നറിയപ്പെടുന്ന വിപിന്‍ (24), മുര്യങ്കര വെട്ടുവിള മണികണ്ഠ വിലാസത്തില്‍ അച്ചു അരുണ്‍ (27) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയിലാണ് വിപീഷിന്റെ വീട്ടിലേക്കു പടക്കം എറിഞ്ഞത്. ഇതുസംബന്ധിച്ചുള്ള പരാതിയില്‍ പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പിടിയിലായ അച്ചു അരുണിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് പോലീസ് ബോംബിനു സമാനമായ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും കണ്ടെടുത്തു. സ്ഫോടകവസ്തുക്കള്‍ അച്ചു അരുണ്‍ സ്വയം നിര്‍മിച്ചവയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവുവില്‍പ്പനയോടൊപ്പം പിടിച്ചുപറിയും ഗുണ്ടാക്രമണങ്ങളും നടത്തുന്ന അച്ചു അരുണ്‍ ഇത്തരം ആക്രമണങ്ങള്‍ക്കു വേണ്ടിയാണ് ഇവ നിര്‍മിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ പാറശ്ശാല പോലീസ് സ്റ്റേഷനില്‍ 16 കേസുകളിലും വിപിന്‍ വധശ്രമമുള്‍പ്പെടെ അഞ്ച് കേസുകളിലും പ്രതികളാണ്. പാറശ്ശാല എസ്.എച്ച്.ഒ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തില്‍ പ്രൊബേഷണറി എസ്.ഐ. ജിതിന്‍വാസ്, സി.പി.ഒ.മാരായ അനില്‍ ചിക്കു, രാകേഷ്, മെര്ലിന്ജോയ്, സൂരജ്, രഞ്ജിത്ത് രാജ്, സന്തോഷ് കുമാര്‍, വിജയ് വിനോദ്, ദിപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.