ചണ്ഡീഗഡ്: പഞ്ചാബിനെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ് കൊല. ജിമ്മിലെത്തിയ അക്രമികള്‍ ആം ആദ്മി കൗണ്‍സിലറെ വെടിവച്ചു കൊന്നു. മലേര്‍കോട്ട ജില്ലയിലെ കൗണ്‍സിലര്‍ മുഹമ്മദ് അക്ബര്‍ ആണ് കൊല്ലപ്പെട്ടത്.
രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുകയായിരുന്ന കൗണ്‍സിലറുടെ നേര്‍ക്ക് അവിടെയെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കോണ്‍ഗ്രസ് നേതാവും പ്രമുഖ ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ ആഘാതം മാറും മുമ്പാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പഞ്ചാബില്‍ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു കഴിഞ്ഞ മെയില്‍ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്.
പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ചായിരുന്നു സംഭവം. മാനസയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിച്ച മൂസേവാലയുടെ കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികള്‍ വെടിവെച്ചത്.
ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു.