NEWS

കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുൾപൊട്ടൽ; റാന്നിയിൽ കൺട്രോൾ റൂം തുറന്നു

കോട്ടയം : കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ.കോട്ടയത്തെ മൂന്നിലവ് വില്ലേജിൽ ഉൾപ്പടെ മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്.എങ്ങും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളം കയറി മുണ്ടക്കയം– എരുമേലി സംസ്ഥാന പാതയിൽ ഗതാഗത തടസ്സമുണ്ടായി. കരിനിലം കവലയിലും വെള്ളം കയറിയിട്ടുണ്ട്.
ഇടുക്കി മൂലമറ്റത്തും പത്തനംതിട്ട കുരുമ്പൻമൂഴിയിലുമാണ് മറ്റ് സ്ഥലങ്ങളിലെ ഉരുൾപൊട്ടൽ.ഇതേത്തുടർന്ന്
താഴ്ന്ന സ്ഥലങ്ങളിൽ പലയിടത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മലയോര മേഖലയിൽ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.കട്ടപ്പന  ആനവിലാസത്തിനു സമീപം ശാസ്തനടയിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയെത്തുടർന്ന് നദികളിലും തോടുകളിലും ജലനിരപ്പുയരുകയാണ്.പല തോടുകളും കരകവിഞ്ഞിട്ടുണ്ട്.
 അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്ന് തണ്ണിത്തോട്, കോന്നി മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്.
റാന്നിയുടെ കിഴക്കൻ മേഖലയിൽ  ശക്തമായ മഴയും ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് നദീ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. പൊലീസ്- റവന്യൂ- ഫയർ ഫോഴ്സ് ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.റാന്നി താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതു ജനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ കൺട്രോൾ റൂം സേവനം തേടാവുന്നതാണ്.
കൺട്രോൾ റൂം നമ്പർ:94003 96955
04735 227442

Back to top button
error: