ഇന്ത്യൻ വ്യോമയാന മേഖലയിൽ അടുത്തിടെയുണ്ടായ സാങ്കേതിക തകരാറിന്റെ കണക്ക് പുറത്തുവിട്ട് ഡി ജി സി എ തലവൻ അരുൺ കുമാർ. കഴിഞ്ഞ 16 ദിവസത്തിനിടെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിയ വിമാനങ്ങളിൽ സാങ്കേതിക തകരാറുണ്ടായ 15 സംഭവങ്ങൾ ഉണ്ടായെന്ന് ഡി ജി സി എ തലവൻ വ്യക്തമാക്കി. ആഭ്യന്തര വിമാന സർവീസുകളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാങ്കേതിക പ്രശ്നങ്ങളിൽ ഭയപ്പെടാൻ ഒന്നുമില്ലെന്ന് വിവരിച്ച ഡി ജി സി എ തലവൻ, ഇന്ത്യൻ വ്യോമയാന മേഖല തീർത്തും സുരക്ഷിതമാണെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അരുൺ കുമാർ പറഞ്ഞുവച്ചത്. ആഭ്യന്തര വിമാന കമ്പനികൾക്ക് കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ സാങ്കേതിക തകരാറുകളും തുടർന്നുണ്ടായ പ്രശ്നങ്ങളും മേഖലയ്ക്ക് യാതൊരു കുഴപ്പവും സൃഷ്ടിക്കുന്നില്ലെന്ന് ഡി ജി സി എ തലവൻ വിവരിച്ചു. രാജ്യത്തെ വ്യോമയാന രംഗം തീർത്തും സുരക്ഷിതമാണെന്നും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന എല്ലാ നിബന്ധനകളും രാജ്യത്ത് പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വിമാന സർവീസുകൾക്ക് പുറമേ അന്താരാഷ്ട്ര വിമാനങ്ങളും കഴിഞ്ഞ ആഴ്ചകളിൽ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഡി ജി സി എ തലവന്റെ പ്രതികരണം.
ഭയക്കേണ്ടതായ യാതൊരു സാഹചര്യവും ഇല്ലെന്നും റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങളൊന്നും വ്യോമയാന രംഗത്ത് ഭീതി ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വിമാനങ്ങൾക്ക് ഉണ്ടായ തകരാറുകൾ തന്നെയാണ് അന്താരാഷ്ട്ര വിമാനങ്ങൾക്കും ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ വിമാന കമ്പനികൾക്ക് മുകളിൽ ഡി ജി സി എ വിവിധ ഉദ്ദേശ ഓഡിറ്റിംഗ് നടത്തുന്നുണ്ട്. ഇതിലൂടെ വിമാന കമ്പനികൾ നിരന്തരം നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളുടെ അടക്കം കാരണം കണ്ടെത്താൻ ആകുമെന്ന് പ്രതീക്ഷയിലാണ് ഡി ജി സി എ.