NEWSWorld

യുഎഇ പ്രളയം; ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ 300 ഹോട്ടല്‍ മുറികള്‍ വിട്ടുകൊടുത്ത് വ്യവസായി

അബുദാബി: കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായവര്‍ക്ക് അഭയം നല്‍കാനുള്ള യുഎഇ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേകി 300 ഹോട്ടല്‍ മുറികള്‍ വിട്ടുനല്‍കി സ്വദേശി വ്യവസായി. എമിറാത്തി വ്യവസായിയായ ഖാലിഫ് ബിന്‍ അഹമ്മദ് അല്‍ ഹബാതൂര്‍ ആണ് ഹോട്ടല്‍മുറികള്‍ വിട്ടു നല്‍കിയതെന്ന് യുഎഇ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

അല്‍ ഹബാതൂര്‍ ഗ്രൂപ്പിന്റെ ഹോട്ടലുകളിലെ 300 മുറികളാണ് ഇദ്ദേഹം വിട്ടുനല്‍കിയത്. ഏകദേശം 600ലേറെ അധികം ആളുകള്‍ക്ക് ഇവിടെ കഴിയാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ സ്ഥലങ്ങളിലെയും നിരവധി ഹോട്ടലുകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകളും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.

Signature-ad

അതേസമയം കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ്. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്.

Back to top button
error: