വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനമില്ലെങ്കിൽ ഫൈൻ ലഭിക്കുമോ?ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സമയത്ത് കാലുകൾ വാഹനത്തിന്റെ ഫുട്റെസ്റ്റിൽ വെയ്ക്കാതെ ഇരുന്നാൽ ഫൈൻ ഉണ്ടോ?⭐
ഹെൽമെറ്റില്ലാത്തതിനും ഓവർ സ്പീഡിനുമൊക്കെ ഫെെൻ വരുന്നത് സർവസാധാരണമാണ്. ട്രാഫിക് പൊലീസ് നൽകുന്ന ചെല്ലാനിൽ നമുക്ക് ലഭിക്കുന്ന ഫെെനിന്റെ കാരണങ്ങൾ വ്യക്തമായി എഴുതാറുമുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന പബ്ലിക്ക് വാഹനങ്ങൾക്ക് (മഞ്ഞയില്‍ കറുത്ത അക്ഷരങ്ങൾ നമ്പർ പ്ലേറ്റ് ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ) ഇന്ധനം തീർന്നാൽ “ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാരുമായി വാഹനമോടിച്ചു “എന്ന കുറ്റമുണ്ട് .
വാഹനത്തിന്റെ ഡ്രൈവറോ , ഉടമയോ 250 രൂപ പിഴ നൽകണം എന്നാണ് നിയമമുള്ളത് .
ഈ നിയമം സ്വകാര്യ വാഹനങ്ങൾക്ക് ബാധകമല്ല. എന്നാൽ ഇന്ധനം തീർന്ന സ്വകാര്യ വാഹനം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി പാർക്ക് ചെയ്താൽ അനധികൃത പാർക്കിങ്ങിന്റെ പേരിൽ പിഴ ലഭിക്കാം. മതിയായ ഇന്ധനം നിറച്ച ശേഷം മാത്രമെ യാത്രക്കാരുമായി യാത്ര ചെയ്യാന്‍ പാടുള്ളു എന്ന് നിയമമുണ്ട്. ഒരു ടൂറിസ്റ്റ് ബസ് സഞ്ചാരികളെ കയറ്റിയ ശേഷം ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പില്‍ എത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഇപ്രകാരം പിഴ ഈടാക്കാറുണ്ട്.
( സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ‘ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാരുമായി വാഹനമോടിച്ചു’ എന്ന് ബേസിൽ ശ്യാം എന്ന യുവാവിന് ലഭിച്ച പിഴ
വൺവേയിലൂടെ ദിശ തെറ്റിച്ചതിനുള്ള 250 രൂപ ഫെെൻ ഉദ്യോഗസ്ഥരുടെ ടൈപ്പിംഗ് പിശകായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് .ഇപോസ് മെഷീനില്‍ പോലീസ് ഉദ്യോഗസ്ഥന് നിയമലംഘനം സംബന്ധിച്ച് എന്റര്‍ ചെയ്ത കോഡ് തെറ്റിയെന്നതിനാലാണ് മറ്റൊരു വകുപ്പ് ചെല്ലാനില്‍ പ്രിന്റ് ചെയ്ത് വന്നത്)
ഇതുപോലെ ആരും ശ്രദ്ധിക്കാത്ത ചില നിയമങ്ങളും ഉണ്ട്.ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന സമയത്തും , പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന സമയത്തും കാലുകൾ വാഹനത്തിന്റെ ഫുട്റെസ്റ്റിൽ വെയ്ക്കാതെ തൂക്കിയിടുന്നത് ശിക്ഷാർഹമാണ്.
ഇന്ധനം തീർന്ന ഇരുചക്ര വാഹനങ്ങൾ ചവിട്ടിത്തള്ളിക്കൊണ്ട് പോകുന്നതും നിയമവിരുദ്ധമാണ്. ഇത്തരം കാര്യങ്ങൾക്ക് നിയമനടപടി നേരിടേണ്ടിവരും .
മോട്ടോർ സൈക്കിൾ ഓടിക്കുന്ന സമയത്ത് രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ പിടിക്കണമെന്നോ ഫൂട് റെസ്റ്റിൽ രണ്ടു കാലുകളും വെയ്ക്കണമെന്നോ മുൻപ് റോഡ് ചട്ടങ്ങളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഡ്രൈവിംഗ് റെഗുലേഷൻസ് 2017-ൽ ഈ കാര്യങ്ങൾ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
ഇരുചക്ര വാഹനമോ , മുച്ചക്ര വാഹനമോ ഓടിക്കുന്ന ഡ്രൈവറോ പുറകിലിരിക്കുന്ന ആളോ മറ്റൊരു വാഹനത്തെ ചവിട്ടി തള്ളുകയോ വലിച്ചുകൊണ്ട് പോവുകയോ ചെയ്യരുത് [ Clause 5 (16) ] .
ഹാൻഡ് സിഗ്നൽ കാണിക്കുന്ന സമയം ഒഴിച്ചുള്ള എല്ലാ സമയത്തും ഇരുചക്ര വാഹനത്തിലേയോ , മുച്ചക്ര വാഹനത്തിലേയോ ഡ്രൈവർ രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ ബാറിൽ പിടിച്ചിരിക്കണം [Clause 5(17)]
സുരക്ഷിതമായി കടന്നുപോകുന്നതിനോ , റോഡിന്റെ അവസ്ഥ അങ്ങനെ ആവശ്യപ്പെടുന്ന സന്ദർഭങ്ങളോ ഒഴിച്ചുള്ള എല്ലാ സമയത്തും ഇരുചക്ര വാഹനത്തിലെ യാത്രക്കാർ രണ്ടു കാലുകളും ഫുട്ട് റെസ്റ്റിൽ വെയ്ക്കേണ്ടതാണ് [Clause 5(18)] .
ഇതിന്റെ ലംഘനം മോട്ടോർ വാഹന നിയമം 177(A) പ്രകാരം ശിക്ഷാർഹമാണ്.