NEWS

70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ബസ് യാത്രയുടെ വിശേഷങ്ങള്‍!!

പുതിയ നാടുകളും കാഴ്ചകളും തേടിയുള്ള യാത്ര ഒരിക്കലും നമുക്ക് മടുപ്പ് അനുഭവപ്പെടുന്ന ഒന്നല്ല.അപ്പോൾ യാത്ര ലണ്ടനിലേക്ക് ആണെങ്കിലോ? അതും പല രാജ്യങ്ങൾ ചുറ്റിയടിച്ച്…  കേള്‍ക്കുമ്പോള്‍  അത്ഭുതം തോന്നുന്നുവല്ലേ.. ? എന്നാൽ സംഗതി സത്യമാണ്.
 ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ബസ് യാത്ര’അഡ്വഞ്ചേഴ്​സ്​ ഓവർലാൻഡ് എന്ന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. 70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കടന്നാണ് ബസ് ലണ്ടനിലെത്തുക.
ഹരിയാനയിലെ ഗുരുഗ്രാമം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചേഴ്​സ്​ ഓവർലാൻഡ് എന്ന കമ്പനിയാണ് ഇങ്ങനെയൊരു കിടിലന്‍ യാത്രയുമായി വന്നിരിക്കുന്നത്. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയാണിത്.
ഡല്‍ഹിയില്‍ നിന്നും യാത്ര ആരംഭിച്ച് 70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ താണ്ടി ലണ്ടനിലെത്തുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ഏകദേശം 20,000 കിലോമീറ്ററാണ് യാത്രയില്‍ പിന്നിടേണ്ടത്. ബസ് ടു ലണ്ടന്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
ചൈനയും പോളണ്ടും ഫ്രാന്‍സുമടക്കം 18 രാജ്യങ്ങളിലൂടെയാണ് ഈ ബസ് കടന്നു പോകുന്നത്. ഇന്ത്യ, മ്യാൻമർ, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമനി, നെതർലാന്‍റ്സ്, ബെൽജിയം, ഫ്രാൻസ് അവസാനം ഇംഗ്ലണ്ട് എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുന്നത്.
അടുത്ത മേയ് മാസത്തിലാണ് കന്നിയാത്ര.70 ദിവസത്തെ യാത്രയ്ക്ക് 15 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത്രയും പണം മുടക്കി യാത്ര ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്കും 70 ദിവസം യാത്ര ചെയ്യുവാന്‍ സമയമില്ലാത്തവര്‍ക്കുമായും മറ്റ് വഴികളും കമ്പനി ഒരുക്കിയിട്ടുണ്ട്. ആകെ നാല് പാദങ്ങളാണ് യാത്രയ്ക്കുള്ളത്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പങ്കെ‌‌ടുക്കാവുന്ന രീതിയിലാണിത്. ഓരോ പാദങ്ങളനുസരിച്ച് മൂന്നര ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ചിലവ് വരിക.
ഒന്നാം പാദത്തില്‍ ഇന്ത്യയില്‍ നിന്നും യാത്ര തുടങ്ങി മൂന്ന് രാജ്യങ്ങളാണുള്ളത്. ഇന്ത്യ, മ്യാന്മാര്‍, തായ്ലന്‍ഡ് എന്നിവയടങ്ങിയ ഒന്നാം പാദത്തില്‍ 12 ദിവസമാണ് നീണ്ടു നില്‍ക്കുക. ഇതിന് 3,50,000 രൂപയാണ്​ ഈടാക്കുക.രണ്ടാം പാദത്തില്‍ യാത്ര തുടങ്ങുക തായ്ലന്‍ഡില്‍ നിന്നുമാണ്. ഇവിടുന്ന് ലാവോസ് വഴി 16 ദിവസം കൊണ്ട് ചൈനയിലെത്തും. ​ 4,25,000 രൂപയാണ് ചിലവ്.
മൂന്നാം പാദം ചൈനയില്‍ നിന്നും തുടങ്ങി കിർഗിസ്​താൻ, ഉസ്​ബെക്കിസ്​താൻ, കസാക്കിസ്​താൻ,റഷ്യ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഈ പാദത്തില്‍ യാത്ര 22 ദിവസം നീളും. 4,95,000 രൂപ ചിലവ്. അടുത്തതാണ് അവസാന പാദം. റഷ്യയില്‍ നിന്നും 10 രാജ്യങ്ങള്‍ 16 ദിവസം കൊണ്ട് സഞ്ചരിച്ച് ബസ് യൂറോപ്പിലെത്തും. ഈ പാദത്തിന്റെ ചിലവ് 4,25,000 രൂപയാണ്​.ഇങ്ങനെ താല്പര്യത്തിനും സമയത്തിനുമനുസരിച്ച് യാത്ര ചെയ്യാമെങ്കിലും ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ വരെയുള്ള സഞ്ചാരികള്‍ക്ക് ആണ് കമ്പനി മുന്‍ഗണന നല്കുന്നത്.
2022 മെയ് മാസത്തോ‌ടു കൂ‌ടി യാത്ര ആരംഭിക്കുവാനാണ് കമ്പനി ലക്ഷ്യമി‌ടുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ കൊറോണ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അതിനു ശേഷമേ യാത്രയുടെ രജിസ്ട്രേഷനും മറ്റു പരിപാടികളും ആരംഭിക്കുകയുള്ളൂ. യാത്രയ്ക്ക് ആവശ്യമായ വിസയും മറ്റു പേപ്പര്‍ വര്‍ക്കുകളും നടത്തുവാന്‍ കമ്പനിയുടെ സഹായം ഉണ്ടായിരിക്കും. യാത്രയുടെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് https://bustolondon.in/ എന്ന വെബ്സൈറ്റും കമ്പനി ഒരുക്കിയിട്ടുണ്ട്.

Back to top button
error: