അമിത ലഹരിയില്‍ വാഹനമോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിപ്പിച്ചു തെറിപ്പിച്ച സംഭവത്തില്‍ സിനിമാ- സീരിയല്‍ താരം അശ്വതി ബാബുവിനെയും കൂട്ടുകാരൻ നൗഫലിനെയും പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ തൃക്കാക്കര ക്ഷേത്രത്തിന് സമീപം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. കുസാറ്റ് സിഗ്‌നല്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെ മരണപ്പാച്ചിൽ നടത്തിയ കാര്‍ നിരവധി വാഹനങ്ങള്‍ ഇവർ ഇടിച്ചു തെറിപ്പിച്ചു.
തൃക്കാക്കര ക്ഷേത്രത്തിനു സമീപം നാട്ടുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കി. പക്ഷേ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് ടയര്‍ പൊട്ടിയതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ഇവരുടെ ശ്രമം. നാട്ടുകാര്‍ ഇരുവരെയും വളഞ്ഞപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങി വന്ന നൗഫല്‍ നാട്ടുകാരെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞു. തുടർന്ന് അശ്വതിയും നൗഫലും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗത്തേക്ക് രക്ഷപെടാൻ ശ്രമിച്ചു.
ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ തൃക്കാക്കര പൊലീസ് പിന്നാലെ ചെന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.
കുസാറ്റ് സിഗ്നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. അവിടെ നിന്നു വാഹനം എടുത്തപ്പോള്‍ മുതല്‍ പല വാഹനങ്ങളില്‍ ഇടിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വിലങ്ങനെ ഇട്ട് തടയാന്‍ ശ്രമിച്ചു. ഇതില്‍ രോഷം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ടയര്‍ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്.
അശ്വതിയെയും നൗഫലിനെയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.
നിരോധിത മയക്കുമരുന്നുമായി 2018 ല്‍ തൃക്കാക്കര പൊലീസ് അശ്വതി ബാബുവിനെ പിടികൂടിയിരുന്നു. ഇവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് കണ്ടെത്തി. കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റിലെ നടിയുടെ അപ്പാര്‍ട്ട്‌മെന്റിലാണ് വാണിഭം നടന്നത്. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകള്‍ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോണിൽ പലര്‍ക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയിരുന്നു. ശബ്ദ സന്ദേശങ്ങള്‍ക്കൊപ്പം യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലര്‍ക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും കണ്ടെടുത്തു. അന്ന് അശ്വതിയെ അറസ്റ്റ് ചെയ്തപ്പോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
വൻ സ്രാവുകളുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന പേരിലാണ് പെണ്‍വാണിഭം നടത്തി വന്നത്. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. പെണ്‍വാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. വെളിപാടിന്റെ പുസ്തകം, സുവര്‍ണ്ണ പുരുഷന്‍ എന്നീ സിനിമയിലും ഭാഗ്യദേവത എന്ന സീരിയലിലും അശ്വതി അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്തേക്ക് പ്രവേശിക്കുവാനായിട്ടാണ് കൊച്ചിയില്‍ ഇവര്‍ താമസം ആരംഭിച്ചത്. പിന്നീട് മയക്കുമരുന്ന് കടത്തിലേക്കും പെണ്‍വാണിഭത്തിലേക്കും പോകുകയായിരുന്നു. 2018ല്‍ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായ ഇവര്‍ ജയിലിലായി.
പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും അശ്വതി ബാബുവിനുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവൽ അശ്വതി ബാബുവും, സഹായിയും ഡ്രൈവറുമായ കോട്ടയം നാട്ടകം പറയൻതറ ബിനോ ഏബ്രഹാമുമാണ് നേരത്തെ പിടിയിലായത്.